തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പിക്ക് സംരക്ഷണമൊരുക്കിയതിൽ വിവാദം കത്തുമ്പോഴും പാർട്ടിയിലെ സ്ഥിരം പ്രതിരോധനിര നിശ്ശബ്ദം. സ്വർണക്കടത്ത് ആരോപണങ്ങളിലും മാസപ്പടി വിവാദത്തിലുമെല്ലാം മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്ത നേതാക്കളെല്ലാം അജിത്കുമാർ വിഷയത്തിൽ പിൻവലിഞ്ഞു.
മുന്നണി യോഗത്തിലെ മുഖ്യമന്ത്രിയുടെ രക്ഷാദൗത്യം ഘടകകക്ഷികളിൽ വലിയ അതൃപ്തി പടർത്തിയതിനൊപ്പമാണ് കൃത്യമായ സൂചനകൾ നൽകി നേതാക്കളുടെ മൗനം. പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ശേഷം സെക്രട്ടറി എം.വി. ഗോവിന്ദനും മുന്നണി യോഗശേഷം കൺവീനർ ടി.പി. രാമകൃഷ്ണനും പതിവ് രീതിയിൽ നിലപാട് വിശദീകരിച്ചതല്ലാതെ പ്രതിപക്ഷമടക്കം വിഷയം ആയുധമാക്കുമ്പോഴും ദുർബലമാണ് പാർട്ടിയുടെ പ്രതിരോധം.
കോവളത്ത് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസിന്റെ മൃദുഹിന്ദുത്വം ഉയർത്തി മുഖ്യമന്ത്രി തന്നെ പ്രത്യാക്രമണം തുടങ്ങിവെച്ചെങ്കിലും ഏറ്റെടുക്കാൻ പാർട്ടിയിലെ പ്രതിരോധനിര തയാറായില്ല.
ചര്‍ച്ച നടത്തിയെന്ന് എ.ഡി.ജി.പി സമ്മതിച്ചിട്ടും വിശദീകരണം ചോദിക്കാനോ നടപടി എടുക്കാനോ തയാറാകാത്തത് മാത്രമല്ല, ആർ.എസ്.എസ് കൂടിക്കാഴ്ചയെ നിസ്സാരവത്കരിക്കും വിധമുള്ള പാർട്ടി വിശദീകരണങ്ങൾ ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ട്.
എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടുവെന്നതല്ല, എന്തിന് കണ്ടുവെന്നതാണ് പ്രശ്നമെന്നാണ് ഒടുവിൽ മുന്നണി കൺവീനർ പറഞ്ഞുവെച്ചത്. മുന്നണിയിലെ ആർ.ജെ.ഡി അടക്കം ഈ നിലപാട് ചോദ്യം ചെയ്യുന്നുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് ഒരു വോട്ട് ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചത് എങ്ങനെയെന്ന ഗുരുതര ചോദ്യംകൂടി ആർ.ജെ.ഡി ഉന്നയിക്കുന്നു.
ഇതിനിടെ സർക്കാറിനെതിരെ നിലപാട് കടുപ്പിച്ചും ഘടകകക്ഷികളുടെ അതൃപ്തി ലാക്കാക്കിയും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. എല്‍.ഡി.എഫിലെ ഘടകകക്ഷികളേക്കാള്‍ സ്വാധീനം ആര്.എസ്.എസിനാണെന്ന് ഒന്നുകൂടി തെളിഞ്ഞുവെന്നാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
സി.പി.ഐ സെക്രട്ടറി മുന്നിണിക്കകത്ത് ആഞ്ഞടിച്ചാലും ഇല്ലെങ്കിലും റിസള്‍ട്ട് വന്നപ്പോള്‍ സി.പി.ഐയേക്കാള്‍ സ്വാധീനം ആര്.എസ്.എസിനാണെന്ന് വ്യക്തമായെന്നും സി.പി.ഐക്ക് മുന്നണിയില്‍ എന്തു വിലയാണുള്ളതെന്ന് അവര്‍ തന്നെ ആലോചിക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.