വിവരാവകാശ കമീഷനിൽ മതിയായ അംഗങ്ങളില്ല; പരാതികൾ കുന്നുകൂടുന്നു

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമീഷനിൽ മതിയായ അംഗങ്ങളില്ല, അപേക്ഷകളും പരാതികളും കുന്നുകൂടുന്നു. അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ നീതി തേടിയാണ് ആളുകൾ വിവരാവകാശ കമീഷനെ സമീപിക്കുന്നത്. എന്നാൽ, ആ കമീഷനിലാണ് പരാതികൾ തീർപ്പാക്കാതെ ഇങ്ങനെ കെട്ടിക്കിടക്കുന്നത്. ഈ വർഷം എട്ടു മാസത്തിനുള്ളിൽ കമീഷനിൽ നിന്ന് കാര്യമായ നടപടികളുണ്ടായില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വിവരാവകാശ കമീഷൻ നൽകുന്ന മറുപടിയിൽ തൃപ്തിയാകാതെ സമർപ്പിക്കപ്പെടുന്ന അപ്പീൽ അപേക്ഷകളിലാണ് ഏറെയും തീർപ്പാകാത്തതെന്ന് വിവരാവകാശ നിയമപ്രകാരം കമീഷൻ നൽകിയ മറുപടിയിൽ വ്യക്തമാണ്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷയിൽ നൽകിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2014 മുതലുള്ള അപേക്ഷകളിൽ തീർപ്പായിട്ടില്ല. ആറ് അംഗങ്ങൾ കമീഷനിൽ വേണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞമാസം വരെ നാല് അംഗങ്ങളാണ് കമീഷനിലുണ്ടായിരുന്നത്. അടുത്തിടെ, ഒരംഗത്തെ കൂടി നിയമിച്ചിട്ടുണ്ട്. എന്നാൽ, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കമീഷൻ മുമ്പാകെ എത്തുന്നത്. അത് കൃത്യമായി തീർപ്പാക്കാൻ ഇത്രയും അംഗങ്ങളെക്കൊണ്ട് സാധിക്കുന്നില്ല.

വിവരാവകാശ നിയമപ്രകാരം കൃത്യമായി മറുപടി നൽകിയില്ലെങ്കിൽ ശിക്ഷാനടപടികൾ സ്വീകരിക്കാൻ വിവരാവകാശ നിയമത്തിൽ തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിന്‍റെ ഉത്തരവാദിത്തമുള്ള വിവരാവകാശ കമീഷനിൽനിന്നുതന്നെ എട്ട് വർഷത്തോളമായി നടപടിയുണ്ടായിട്ടില്ല.

കമീഷൻ മുമ്പാകെ കെട്ടിക്കിടക്കുന്നതിലേറെയും അപ്പീൽ പെറ്റീഷനുകളാണ്-5289 എണ്ണം. 2010 മുതൽ ഈവർഷം ഇതുവരെ 32,287 അപ്പീൽ അപേക്ഷകൾ ലഭിച്ചതിൽ 26,998 എണ്ണമാണ് തീർപ്പാക്കിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 വർഷത്തിനിടെ, സമർപ്പിച്ച പരാതികളിൽ 1658 ൽ ഇനിയും തീർപ്പാകാനുണ്ട്. 15,807 കംപ്ലയിന്‍റ് പെറ്റീഷനുകളിൽ 14,149 എണ്ണമാണ് തീർപ്പായത്. 

Tags:    
News Summary - RTI Commission does not have enough members; Complaints pile up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.