കൊല്ലം: സഹപ്രവര്‍ത്തകക്കു കോവിഡ് കാലത്തുപോലും നീതി നിഷേധിച്ച പുരാരേഖാ വകുപ്പു മുന്‍ മേധാവിക്കും അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ക്കും വിവരാവകാശ കമീഷൻ പിഴയിട്ടു. പുരാരേഖ ഡയറക്ടറായി രണ്ടു മാസം മുമ്പ് വിരമിച്ച ജെ. റെജികുമാറും ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ (എസ്.പി.ഐ.ഒ) ചുമതല വഹിച്ചിരുന്ന ജോസഫ് സ്കറിയയും 50,618 രൂപ പിഴ അടക്കാനാണു വിധി.
വകുപ്പില്‍ സൂപ്രണ്ടായ ആര്.ആര്. ബിന്ദുവിന്റെ പരാതിയിലാണ് നടപടി. പിഴത്തുകയില്‍ 25,618 രൂപ ബിന്ദുവിനു നേരിട്ടു നല്‍കണം. 25,000 രൂപ കമീഷനില്‍ അടക്കണമെന്നും കമീഷന് അംഗം എ. അബ്ദുല്‍ ഹക്കീം വിധിച്ചു. ഇപ്പോള്‍ ഉഴവൂർ കെ.ആര്. നാരായണന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സിൽ ഉദ്യോഗസ്ഥനാണ് ജോസഫ് സ്കറിയ.
ബിന്ദുവിന്റെ സ്ഥാനക്കയറ്റം തടയുകയും കള്ളപ്പരാതി പ്രോല്‍സാഹിപ്പിക്കുകയും കോവിഡ് കാലത്ത് നിയമവിരുദ്ധമായി തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഇതിനെതിരെ നിയമനടപടിക്ക് വിവരം ശേഖരിക്കാന്‍ 2020 ജൂണ്‍ രണ്ടിന് നൽകിയ വിവരാവകാശ അപേക്ഷ, ജൂലൈ 27ന് ഡയറക്ടര്‍ക്ക് നല്കിയ അപ്പീല്‍ എന്നിവക്ക് വിവരങ്ങള്‍ ലഭ്യമാക്കിയില്ല എന്നായിരുന്നു പരാതി. പലതവണ അപേക്ഷ നൽകിയിട്ടും ലഭ്യമാകാതെ വന്നതോടെയാണ് വിവരാവകാശ കമീഷനെ സമീപിച്ചത്.
അര്‍ഹമായ സ്ഥാനക്കയറ്റം ഒന്നര വര്‍ഷം വൈകിയതടക്കം ചൂണ്ടിക്കാട്ടി എട്ടു ലക്ഷം രൂപയാണ് ബിന്ദു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ബിന്ദുവില്‍നിന്ന് ഈടാക്കിയ 618 രൂപ ജോസഫ് സ്കറിയ ഒക്ടോബർ 30നു മുമ്പ് തിരിച്ചു നല്‍കാനും പിഴത്തുകയായ 25,000 രൂപ 25നു മുമ്പ് കമീഷനില്‍ അടക്കാനുമാണ് വിധി. അടച്ചില്ലെങ്കില്‍ തുക ശമ്പളത്തില്‍നിന്നു പിടിക്കാന്‍ കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
ഉത്തരവാദി പുരാരേഖ ഡയറക്ടറേറ്റായതിനാലാണ് അദ്ദേഹം 25,000 രൂപ നഷ്ടപരിഹാരം നവംബര്‍ നാലിനു മുമ്പ് ബിന്ദുവിന് നല്‍കേണ്ടത്. നടപടി റിപ്പോര്‍ട്ട് നവംബര്‍ ആറിനു മുമ്പ് കമീഷന് സമര്‍പ്പിക്കണമെന്നും വിധിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.