പാലക്കാട്: സംസ്ഥാനത്തെ അതിർത്തി ചെക്ക്പോസ്റ്റുകളിലും ആർ.ടി ഓഫിസുകളിലും വിജിലൻസിെൻറ മിന്നൽ പരിശോധന. വ്യാപക അഴിമതിയും നികുതിവെട്ടിപ്പും കൈക്കൂലിയും കണ്ടെത്തി. ചരക്കുവാഹനങ്ങളിൽ അമിതഭാരം കയറ്റി നികുതി വെട്ടിപ്പ്, ആർ.ടി.ഒ ഓഫിസുകളിൽ രജിസ്ട്രേഷൻ ഫീസ് ഈടാക്കാതെ കൈക്കൂലി ഇൗടാക്കൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, എൻ.ഒ.സി എന്നിവ നൽകുന്നതിൽ ക്രമക്കേട് തുടങ്ങിയ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തിരുവനന്തപുരം ജില്ലയിലെ അമരവിള ചെക്ക്പോസ്റ്റിൽ കാഷ് ചെസ്റ്റിൽ പണം സൂക്ഷിക്കണമെന്ന നിയമം പാലിക്കാതെ, മുമ്പ് പിടിച്ചെടുത്ത വാഹനങ്ങളുടെ ആർ.സി ബുക്കും താക്കോലും സൂക്ഷിച്ചിരിക്കുന്നതായും മൂന്ന് വർഷത്തിലധികമായി അമരവിള, അച്ചൻകോവിൽ ചെക്ക്പോസ്റ്റുകളിൽ വെയിങ് ബ്രിഡ്ജ് പ്രവർത്തനരഹിതമാണെന്നും കണ്ടെത്തി.
അച്ചൻകോവിൽ സി.ടി.ഒ ഓഫിസിൽ നിയോഗിച്ച ഉദ്യോഗസ്ഥർ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ ജോലി ചെയ്യുന്നതായും കണ്ടെത്തി. വയനാട് താളൂർ ആർ.ടി ഓഫിസിലെ ഓഫിസ് അസി. ബൈജുവിെൻറ പക്കൽനിന്ന് അനധികൃതമായി സൂക്ഷിച്ച 2,000 രൂപ പിടിച്ചു. ചേർത്തല, കുട്ടനാട് എന്നിവിടങ്ങളിലെ ആർ.ടി ഓഫിസുകളിൽ ഏജൻറുമാരിൽനിന്ന് നിരവധി അപേക്ഷകളും 75,000ത്തോളം രൂപയും വിജിലൻസ് പിടിച്ചു. കാസർകോട്, കുമളി, വാളയാർ ചെക്ക്പോസ്റ്റുകളിൽനിന്ന് അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തി. സംസ്ഥാനത്തുടനീളമുള്ള ആർ.ടി ഓഫിസുകളിൽ ഏജൻറുമാരുടെ അമിത ഇടപെടലുകളും അപേക്ഷകളിൽ അടയാളം രേഖപ്പെടുത്തി ഉദ്യോഗസ്ഥരുടെ മുന്നിലെത്തിക്കുന്നതായും കണ്ടെത്തി.
വാളയാർ ചെക്ക് പോസ്റ്റിൽ കാഷ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ പണത്തിൽ 2,000 രൂപ കുറവുള്ളതായി തെളിഞ്ഞു. ചെക്ക്പോസ്റ്റിൽ ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് കൈവശമുള്ള പണത്തെക്കുറിച്ച് വ്യാജമായി കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയതായും കണ്ടെത്തി. കൈവശമുള്ളതിനേക്കാൾ കൂടുതൽ പണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാളയാറിൽ ലോറി ഡ്രൈവർ ഓഫിസിനുള്ളിൽ കയറി ഒഫീഷ്യൽ സീൽ സ്വയം പതിക്കുന്ന കാഴ്ചയാണ് വിജിലൻസിന് കാണാൻ കഴിഞ്ഞത്. ഉദ്യോഗസ്ഥരുടെ അനുമതിയോടെ ചരക്കുവാഹനങ്ങൾ പരിശോധന കൂടാതെ കടത്തിവിടുന്നതായും കണ്ടെത്തി. ക്രമക്കേടുകൾ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.