റബര്‍ ബോര്‍ഡ് കോട്ടയത്തുതന്നെ; ആശങ്കകൾ തള്ളി കേന്ദ്ര വാണിജ്യ മന്ത്രാലയം


ഗവേഷണ വിഭാഗം സ്വകാര്യവത്കരിക്കില്ലെന്നും ഉറപ്പ്

കോട്ടയം: റബർ ബോർഡ് നിർത്തലാക്കുമെന്ന ആശങ്കൾ തള്ളിയതിനൊപ്പം കോട്ടയത്തുനിന്ന് ആസ്ഥാനം മാറ്റില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ ഉറപ്പ്. പുതിയ റബർ ബില്ലുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചക്കിടെ, വാണിജ്യ വകുപ്പ് അഡീഷനൽ സെക്രട്ടറി അമർദീപ് സിങ് ഭാട്ടിയയാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. റബർ ബോർഡിന്‍റെ നിലനിൽപിനെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും പ്രവർത്തനങ്ങൾ മികവാർന്ന നിലയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ റബർ ബിൽ (റബർ പ്രമോഷൻ ആൻഡ് ഡെവലപ്‌മെന്‍റ് ആക്ട്-2023) ബോർഡിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടിയാണ്. പുതിയ ബില്ലിനെക്കുറിച്ച് കർഷകർ ആശങ്കപ്പെടേണ്ടതില്ല. പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിൽതന്നെ ബിൽ അവതരിപ്പിക്കും- അമർദീപ് പറഞ്ഞു.

നിലവിലുള്ള ആക്ടിലെ അനാവശ്യവും കാലഹരണപ്പെട്ടതുമായ വ്യവസ്ഥകൾ നീക്കം ചെയ്യേണ്ടതുണ്ട്. അതുപോലെ ബോർഡിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യമായ വ്യവസ്ഥകൾ പുതുതായി ഉൾപ്പെടുത്തുകയും വേണം. റബർ കൃഷിയും വിപണനവും ഉൽപന്ന നിർമാണവുമെല്ലാം ഉൾപ്പെടുന്ന റബർ വ്യവസായ മേഖലയുടെ വളർച്ചക്ക് യോജിച്ച അന്തരീക്ഷം പ്രദാനംചെയ്യാൻ സഹായകമായ രീതിയിലുള്ള ചില മാറ്റങ്ങൾ മാത്രമാണ് പുതിയ ബില്ലിൽ നിർദേശിച്ചതെന്ന് അഡീഷനൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

പുതുതായി കേന്ദ്രം കൊണ്ടുവരുന്ന റബർ ബില്ലിന് അന്തിമ രൂപം നൽകുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ച കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്തായിരുന്നു ചർച്ച. റബർ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ചർച്ച വിളിച്ചത്. ചർച്ചയിൽ ബോര്‍ഡിന്‍റെ ഗവേഷണ വിഭാഗം സ്വകാര്യവത്കരിക്കാനുള്ള കരട് നിർദേശങ്ങളിൽ എതിർപ്പുയർന്നു. ഇതോടെ ഗവേഷണ വിഭാഗം സ്വകാര്യവത്കരിക്കില്ലെന്ന് അമർദീപ് സിങ് ഭാട്ടിയ പറഞ്ഞു.ഇറക്കുമതി ചെയ്യുന്ന റബറിന്‍റെ ഗുണനിലവാരം നിശ്ചയിക്കാന്‍ റബർ ബോർഡിന് അധികാരം നൽകും.

കരട് ബില്ലിൽ കയറ്റുമതി ചെയ്യുന്ന റബറിന്‍റെ ഗുണനിലവാരം ബോർഡിന് നിശ്ചയിക്കാൻ അധികാരമുണ്ടെന്ന് മാത്രമായിരുന്നു നിബന്ധന. ഇത് തിരുത്തണമെന്ന് ആവശ്യമുയർന്നതോടെ ഇതിൽ ഭേദഗതി തീരുമാനിക്കുകയായിരുന്നു. റബർ ഉൽപാദക സംഘങ്ങളെ ബോർഡിന്‍റെ ഭാഗമാക്കണമെന്ന ആവശ്യവും ബില്ലില്‍ ഉൾപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Rubber Board in Kottayam itself; The Union Commerce Ministry dismissed the concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.