റെയില്‍വേ കൗണ്ടറുകളിലും അനിശ്ചിതത്വം; 500 രൂപയുടെ നോട്ട് മാറാന്‍ 10 രൂപയുടെ പ്ളാറ്റ്ഫോം ടിക്കറ്റെടുപ്പ്

തിരുവനന്തപുരം: ടിക്കറ്റ് കൗണ്ടറുകളില്‍ വലിയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ അറിയിച്ചെങ്കിലും ചില്ലറ തീര്‍ന്നതോടെ ട്രെയിന്‍ യാത്രയും പ്രതിസന്ധിയിലായി. ഓപണ്‍ കൗണ്ടറുകളെ ആശ്രയിച്ചവരാണ് ഏറെയും കുടുങ്ങിയത്. രാവിലെ 500, 1000 നോട്ടുകള്‍ സ്വീകരിച്ചെങ്കിലും പത്തോടെ മിക്കയിടങ്ങളിലും പ്രതിസന്ധി രൂക്ഷമായി. റെയില്‍വേ സ്റ്റേഷനില്‍ വലിയ നോട്ടുകള്‍ സ്വീകരിക്കുമെന്ന വിവരത്തെതുടര്‍ന്ന് മാറിയെടുക്കാന്‍ എത്തിയവരുമുണ്ടായിരുന്നു. ഇതിനിടെ ചില്ലറ മാറിക്കിട്ടുന്നതിന് 500ന്‍െറ നോട്ട് നല്‍കി 10 രൂപയുടെ പ്ളാറ്റ്ഫോം ടിക്കറ്റെടുത്തവരുമുണ്ട്. 
500, 1000 രൂപയുടെ നോട്ടുകള്‍ ഒഴികെ ചൊവ്വാഴ്ചയിലെ കലക്ഷനായി ലഭിച്ച നാലു ലക്ഷം രൂപയുടെ ചില്ലറയുമായാണ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടര്‍ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിച്ചത്. വൈകാതെ ചില്ലറ തീര്‍ന്നു. വലിയ നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയതോടെ യാത്രക്കാര്‍ ബഹളവുമുണ്ടാക്കി. ആര്‍.പി.എഫ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കൂടുതല്‍ ചില്ലറ എത്തിച്ചുതരണമെന്ന് എസ്.ബി.ഐയോട് റെയില്‍വേ ആവശ്യപ്പെട്ടു. എന്നാല്‍, ബുധനാഴ്ച നല്‍കാനാവില്ളെന്നും ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്‍െറ കര്‍ശന നിര്‍ദേശമുണ്ടെന്നുമായിരുന്നു എസ്.ബി.ഐയുടെ പ്രതികരണം. ആറു ലക്ഷം രൂപയുടെ ചില്ലറയെങ്കിലും ലഭ്യമാക്കണമെന്നാണ് റെയില്‍വേയുടെ ആവശ്യം. വ്യാഴാഴ്ച ഉച്ചവരെയെങ്കിലും ഇതിനായി കാത്തിരിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

ഫൈന്‍ ഇടാക്കുന്നതിന് 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാന്‍ ടി.ടി.ഇമാര്‍ക്ക് റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരികെ നല്‍കേണ്ട തുകവിവരം ഫൈന്‍ രസീതില്‍ എഴുതം. യാത്രക്കാരന്‍ ഈ രസീതുമായി ഡിവിഷനല്‍ കമേഴ്സ്യല്‍ മാനേജറുടെ ഓഫിസിനെ സമീപിച്ചാല്‍ ബാക്കി തുക നല്‍കും. കള്ളനോട്ട് മാറാന്‍ ടിക്കറ്റെടുക്കുന്നവരെ പിടികൂടാനും കൗണ്ടറുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500, 1000 രൂപ നോട്ടുകള്‍ക്കൊപ്പം തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് വാങ്ങുകയും ഇതില്‍ നോട്ടിന്‍െറ നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എ.ടി.എം കാര്‍ഡുപയോഗിച്ച് തുകയടയ്ക്കാവുന്ന സംവിധാനമുള്ളതിനാല്‍ റിസര്‍വേഷന്‍ കൗണ്ടറുകളെ നോട്ട് നിയന്ത്രണം കാര്യമായി ബാധിച്ചിട്ടില്ല.

അമ്പതും നൂറും ‘പൂഴ്ത്തി’; ഇടപാടുകള്‍ സ്തംഭിച്ചു
തൃശൂര്‍: ആയിരവും അഞ്ഞൂറും അസാധുവായപ്പോള്‍ അമ്പതിനും നൂറിനും പൊന്നുവില. നൂറും അമ്പതും കൈയില്‍ വന്നവരൊക്കെ ‘പൂഴ്ത്തി’. അനിശ്ചിതത്വം എത്രനാള്‍ തുടരുമെന്നത് അവ്യക്തമായതിനാല്‍ അത്യാവശ്യങ്ങള്‍ക്കുള്ള കരുതലായാണ് നൂറും അമ്പതും പൂഴ്ത്തിയത്. ഇന്ന് ബാങ്കില്‍ എത്തിയാലും മാറ്റിക്കിട്ടുന്ന തുകക്ക് പരിധിയുള്ളതിനാല്‍ എല്ലാം കലങ്ങിത്തെളിയുന്നതുവരെ അമ്പതും നൂറും കൈവിടാതിരിക്കാനുള്ള തത്രപ്പാടിലായിരുന്നു എല്ലാം. ഫലം, നാട്ടില്‍ പണം കൊടുത്ത് നടത്തേണ്ട എല്ലാ ഇടപാടുകളും ഇന്നലെ സ്തംഭിച്ചു.

ആശുപത്രികളില്‍ ‘അസാധു’ നോട്ടുകള്‍ സ്വീകരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യ മണിക്കൂറുകളില്‍ത്തന്നെ അവിടെയും പ്രശ്നമായി. അഞ്ഞൂറോ ആയിരമോ വാങ്ങിയാല്‍ ബാക്കി കൊടുക്കാനുള്ള നൂറും അഞ്ഞൂറും സ്റ്റോക്ക് തീര്‍ന്നതാണ് കാരണം. ബാങ്കുകളില്‍ ഇന്നലെ പണമിടപാട് നടക്കാത്തതിനാലും എ.ടി.എമ്മുകള്‍ അടച്ചിട്ടതിനാലും ചില്ലറ നോട്ടുകള്‍ കിട്ടാന്‍  മാര്‍ഗമുണ്ടായിരുന്നില്ല. റെയില്‍വേ സ്റ്റേഷനുകളില്‍ നോട്ടുകള്‍ സ്വീകരിച്ചു. നൂറും അമ്പതും കിട്ടുന്ന മുറക്ക് ബാക്കി കൊടുക്കാനുള്ളത് കൊടുത്തു. അതുകൊണ്ടുതന്നെ ഒട്ടേറെപ്പോര്‍ ബാക്കി കിട്ടാന്‍ കാത്തുനില്‍ക്കേണ്ടിവന്നു.കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസ് സര്‍വിസുകളില്‍ വല്ലാതെ ബാധിച്ചു. വില്ലന്‍ ബാക്കി കൊടുക്കാനില്ലാത്തതുതന്നെ. പെട്രോള്‍ പമ്പുകളില്‍ നോട്ടുകള്‍ സ്വീകരിച്ച് സ്റ്റോക്കുള്ള നൂറും അമ്പതും കൊടുത്തു. അതുകഴിഞ്ഞ് വന്നവര്‍ക്ക് കൊടുത്ത പണത്തിന് മുഴുവന്‍ പെട്രോളും ഡീസലും അടിച്ചു. ചിട്ടിക്കമ്പനിക്കാരും ഇടപാടുകാരുമാണ് വല്ലാതെ വലഞ്ഞത്. ഇന്നലെ പലയിടത്തും ചിട്ടിപ്പണം വെക്കേണ്ട ദിവസമായിരുന്നു. കൈവശമുള്ള അഞ്ഞൂറും ആയിരവും ഒരു മിക്ക ചിട്ടിക്കമ്പനിക്കാരും സ്വീകരിച്ചില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അസാധുവായ നോട്ടുകള്‍ സ്വീകരിച്ചെങ്കിലും ബാക്കി കൊടുക്കുന്നത് ചിലപ്പോഴൊക്കെ പ്രശ്നമായി.വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ തുറന്നെങ്കിലും ചില്ലറ അവിടെയും വില്ലനായി. വാങ്ങാന്‍ എത്തുന്നവര്‍ കുറവായിരുന്നു. വന്നവര്‍ക്കാകട്ടെ, ബാക്കി കൊടുക്കുന്നതും പ്രശ്നമായി. മിക്ക സ്ഥാപനങ്ങളും ഉച്ചക്കുമുമ്പ് പൂട്ടി. ഇന്നും അതേ അവസ്ഥയാകാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറഞ്ഞു. 

ബാക്കി നല്‍കാന്‍ ചില്ലറയില്ല; കെ.എസ്.ആര്‍.ടി.സി ജീവനക്കാരും യാത്രക്കാരും വെട്ടിലായി
തിരുവനന്തപുരം: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയുള്ള അപ്രതീക്ഷിത തീരുമാനം കെ.എസ്.ആര്‍.ടി.സിയെ വെട്ടിലാക്കി. ബസുകളില്‍ ബാക്കി നല്‍കാന്‍ ചില്ലറയില്ലാത്തതാണ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഇരുട്ടടിയാകുന്നത്. അസാധുവാക്കിയ നോട്ടുകള്‍ ബസുകളില്‍ വ്യാഴാഴ്ച വരെ വാങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില്ലറക്ഷാമമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. സാധാരണ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ കലക്ഷനായി ലഭിക്കുന്നതില്‍ കൂടുതലും 100 രൂപ നോട്ടുകളാണ്. എന്നാല്‍, ചൊവ്വാഴ്ച സര്‍വിസ് കഴിഞ്ഞ് കണ്ടക്ടര്‍മാര്‍ അടച്ചതില്‍ ബഹുഭൂരിപക്ഷവും 500, 1000 നോട്ടുകളാണ്. 

നോട്ട് നിയന്ത്രണ തീരുമാനം വന്നതോടെ യാത്രക്കാര്‍ ഒന്നാകെ വലിയ നോട്ടുകള്‍ മാത്രമാണ് നല്‍കിയതെന്ന് ജീവനക്കാര്‍ പറയുന്നു. ബുധനാഴ്ച പരമാവധി 2000 രൂപയുടെ ചില്ലറയുമായി സര്‍വിസ് തുടങ്ങിയെങ്കിലും രാവിലെ ഒമ്പതിനു മുമ്പ് ഇവയെല്ലാം തീര്‍ന്നു. പിന്നീട് ലഭിക്കുന്ന 500 രൂപ നോട്ടുകള്‍ വാങ്ങാന്‍ കണ്ടക്ടര്‍മാര്‍ വിസമ്മതിച്ചതോടെ പലയിടങ്ങളിലും തര്‍ക്കവും വാക്കേറ്റവുമുണ്ടായി. ടിക്കറ്റ് നല്‍കാനും നല്‍കാതിരിക്കാനും കഴിയാത്ത സ്ഥിതിയിലായിരുന്നു കണ്ടക്ര്‍മാര്‍. നിയന്ത്രണ തീരുമാനം അറിയാതെ രാവിലെ വലിയ നോട്ടുകളുമായി യാത്രക്കിറങ്ങിയവരും വഴിയില്‍ കുടുങ്ങി. ചിലര്‍ ചില്ലറ നല്‍കാനില്ലാത്തതിനാല്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്തു.  കെ.എസ്.ആര്‍.ടി.സിയുടെ കലക്ഷനിലും കുറവുണ്ടായി. വരുംദിവസങ്ങളിലും രൂക്ഷമായേക്കാവുന്ന നോട്ട് ക്ഷാമം എങ്ങനെ നേരിടണമെന്നതില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്കും ധാരണയില്ല. ചുരുങ്ങിയ പക്ഷം ബാങ്കുകളുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാകുന്നതുവരെ പ്രതിസന്ധി തുടരുമെന്നാണ് കെ.എസ്.ആര്‍.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് പുറത്തെ പമ്പുകളില്‍നിന്ന് ഇന്ധനം നിറക്കുന്നതും പ്രതിസന്ധിയിലാണ്. കുടിശ്ശിക പ്രശ്നത്തെ തുടര്‍ന്ന് ഐ.ഒ.സിയില്‍നിന്നുള്ള ഇന്ധനലഭ്യത പൂര്‍ണമായി പുന$സ്ഥാപിക്കാത്ത സാഹചര്യത്തില്‍ വിശേഷിച്ചും. 


മാറിനല്‍കാനുള്ള സംവിധാനമില്ല; കരിപ്പൂരിലും പ്രതിസന്ധി 
കൊണ്ടോട്ടി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കരിപ്പൂരിലത്തെിയ യാത്രക്കാരും വലഞ്ഞു. വിദേശത്തുനിന്ന് നാട്ടിലത്തെിയവരും യാത്ര പുറപ്പെടാനത്തെിയവരുമാണ് പ്രയാസത്തിലായത്. തുക മാറിനല്‍കാനുള്ള സംവിധാനമില്ലാത്തതാണ് യാത്രക്കാരെ പ്രയാസത്തിലാക്കിയത്. എ.ടി.എമ്മുകള്‍ മാത്രമല്ല, വിമാനത്താവളത്തിലെ മണി എക്സ്ചേഞ്ച് സ്ഥാപനവും ബുധനാഴ്ച പ്രവര്‍ത്തിച്ചിരുന്നില്ല. ഇതോടെ കൈവശമുള്ള നോട്ടുകള്‍ മാറിവാങ്ങാന്‍ യാത്രികര്‍ക്ക് സാധിച്ചില്ല. വിവിധ ഗള്‍ഫ് നാടുകളിലേക്ക് യാത്ര പുറപ്പെടുന്നവരാണ് പ്രയാസപ്പെട്ടത്. പുലര്‍ച്ചെ എത്തിയവരാണ് ബുദ്ധിമുട്ടിലായത്. ആഭ്യന്തര സര്‍വിസുകളില്‍ എത്തിയവര്‍ക്കടക്കം ടാക്സികളില്‍ യാത്ര ചെയ്യാനും നൂറിന്‍െറ നോട്ടുകള്‍ ലഭ്യമായിരുന്നില്ല. 


 

Tags:    
News Summary - rupee ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.