കൂരാച്ചുണ്ട് (കോഴിക്കോട്): ആൺസുഹൃത്തിന്റെ പീഡനത്തെത്തുടർന്ന് ആത്മഹത്യാ ശ്രമം നടത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റഷ്യൻ യുവതി ചൊവ്വാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങി. ആശുപത്രിയിൽനിന്ന് ഡിസ്ചാർജായ ശേഷം കോഴിക്കോട് മഹിള മന്ദിരത്തിലായിരുന്നു രണ്ടുദിവസം താമസിച്ചത്. റഷ്യൻ കോൺസുലേറ്റ് യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് അവരാണ് ടിക്കറ്റ് അയച്ചുകൊടുത്തത്.
യുവതിയുടെ പാസ്പോർട്ട് സുഹൃത്ത് നശിപ്പിച്ചെന്നുകരുതി ഡ്യൂപ്ലിക്കേറ്റിന് ശ്രമം നടത്തിയിരുന്നെങ്കിലും യുവാവിന്റെ പിതാവ്, കഴിഞ്ഞ ദിവസം കാളങ്ങാലിയിലെ വീട്ടിൽനിന്ന് കണ്ടെത്തിയ പാസ്പോർട്ട് പൊലീസിൽ ഏൽപിച്ചതോടെയാണ് യാത്ര പെട്ടെന്ന് നടന്നത്. മഹിള മന്ദിരത്തിൽനിന്ന് കൂരാച്ചുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് യുവതിയെ വിമാനത്താവളത്തിലെത്തിച്ചത്. തുടർ നിയമ നടപടിക്ക് ഇവർ ബന്ധപ്പെടുമെന്നാണ് പൊലീസിനെ അറിയിച്ചത്.
കേസിൽ അറസ്റ്റിലായ സുഹൃത്ത് കാളങ്ങാലി ഓലക്കുന്നത്ത് ആഖിൽ (28) റിമാൻഡിലാണ്. ലഹരിക്കടിമയായ യുവാവ്, യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധന റിപ്പോർട്ടിൽ ക്രൂരപീഡനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ മുറിവേറ്റതിന്റെ പാടുകളുണ്ടെന്നും യുവതി മാനസികസമ്മർദം നേരിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ ഇരുമ്പുകമ്പികൊണ്ട് അടിച്ചെന്ന് യുവതിയും പൊലീസിന് ദ്വിഭാഷി മുഖേന മൊഴിനൽകിയിരുന്നു. യുവതിയുടെ രഹസ്യമൊഴി പേരാമ്പ്ര മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി വീടിന്റെ ടെറസിൽനിന്ന് ചാടിയത്. കൂരാച്ചുണ്ട് പൊലീസെത്തിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഖത്തറിലായിരുന്ന ആഖിലുമായി ഇൻസ്റ്റഗ്രാം മുഖേനയാണ് 27കാരിയായ റഷ്യൻ യുവതി പരിചയപ്പെട്ടത്. പിന്നീട് ഖത്തറിൽനിന്ന് ആഖിലിനൊപ്പം കഴിഞ്ഞമാസം ഇന്ത്യയിലേക്കുവന്നു. 19ന് കൂരാച്ചുണ്ടിലെ വീട്ടിലുമെത്തി. വീട്ടിൽ വന്നതുമുതൽ ആഖിലിന്റെ പീഡനമേറ്റുവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.