കോട്ടയം: ശബരിമല സീസണ്‍ മുന്നൊരുക്കത്തിന്‍െറ ഭാഗമായി കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്രത്യേക പമ്പ സര്‍വിസ് താല്‍ക്കാലിക കൗണ്ടര്‍ പ്രവര്‍ത്തനം ചൊവ്വാഴ്ച വൈകീട്ട് ആരംഭിക്കുമെന്ന് ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ജേക്കബ് മാത്യു പറഞ്ഞു. തിരക്ക് തുടങ്ങുന്ന മുറക്ക് സര്‍വിസുകള്‍ മുടക്കമില്ലാതെ നടത്തുമെന്നും ചൊവ്വാഴ്ച വൈകീട്ടത്തെ സ്ഥിതിഗതികള്‍ക്കനുസരിച്ച് പ്രത്യേക പമ്പ സര്‍വിസുകള്‍ തുടങ്ങാനാണ് ആലോചനയെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞതവണ 65 പമ്പ സര്‍വിസുകള്‍ ഉണ്ടായിരുന്നത് ഇത്തവണ 75 ആയി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതലായി 30 ബസുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്പെഷല്‍ സര്‍വിസിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണിക്കുമായി ഏഴുലക്ഷം രൂപയുടെ ഫണ്ടിന് അനുമതി ലഭിച്ചിട്ടുണ്ട്. ട്രെയിനില്‍ വരുന്ന യാത്രക്കാര്‍ക്കായി റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കും. സിറ്റിങ് സീറ്റുകള്‍ നിറയുന്നതിന് അനുസരിച്ച് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പമ്പ ബസുകള്‍ പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണം. ഒരു ബസ് പുറപ്പെട്ടാല്‍ ഉടന്‍ അടുത്ത സര്‍വിസ് സജ്ജമായിരിക്കും. 40 പേരുള്ള സംഘങ്ങള്‍ക്ക് ബസ് ബുക്ക് ചെയ്തുപോകുന്നതിന് സൗകര്യം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
നവീകരണംമൂലം സ്ഥലസൗകര്യം കുറഞ്ഞതോടെ സ്റ്റാന്‍ഡില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് തീര്‍ഥാടനകാലം ആരംഭിക്കുന്നതോടെ വന്‍ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. വഴിയരികിലാണ് ഭൂരിഭാഗം ബസുകളും പാര്‍ക്ക് ചെയ്യുന്നത്. ഇതിനുപുറമേ വാട്ടര്‍ അതോറിറ്റി ഡിപ്പോക്കകത്തെ പണി നടക്കുന്നിടത്ത് പൈപ്പുകള്‍ ഇട്ടിരിക്കുന്നത് അസൗകര്യം ഒന്നുകൂടി വര്‍ധിപ്പിച്ചിരിക്കുകയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണെന്നാണ് ഇവരുടെ വിശദീകരണമെങ്കിലും അസൗകര്യം ദിവസങ്ങള്‍ പിന്നിടുമ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
വൈക്കം, എറണാകുളം ഭാഗങ്ങളില്‍നിന്ന് പമ്പക്കുള്ള ബസുകള്‍ ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനിയില്‍ കയറിയിറങ്ങിപ്പോകുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ദിവസവും ക്ഷേത്ര മൈതാനിയില്‍നിന്ന് പ്രത്യേക സര്‍വിസ് പമ്പക്കുണ്ടാകും. പടിഞ്ഞാറെ നടയിലെ ഹോട്ടലുകള്‍ക്ക് മുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തുന്നത് നിരോധിക്കും. ശക്തിനഗര്‍ ബസ്സ്റ്റോപ്പില്‍ പ്രത്യേകം ദിശാ ബോര്‍ഡും സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.