കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കുമ്പോൾ 326 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന് സാമൂഹികാഘാത പഠന റിപ്പോർട്ട്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 234 സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും കരട് റിപ്പോർട്ടിൽ പറയുന്നു.
പദ്ധതിക്കായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന 234 കുടുംബങ്ങൾക്ക് തൊഴിലും താമസസ്ഥലവും നഷ്ടമാകും. 327 കുടുംബങ്ങളുടെ മുഖ്യ ഉപജീവനമാർഗവും അടയും. എസ്റ്റേറ്റിലെ സ്ഥിര ജോലി തൊഴിലാളികൾക്ക് നഷ്ടമാകും. 363 പേരുടെ വരുമാനത്തെ ബാധിക്കുമെന്നും കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കരട് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എല്ലാ മതവിഭാഗങ്ങളുടേതുമായി ഏഴ് ആരാധനാലയങ്ങൾ പൊളിച്ചുനീക്കേണ്ടിവരും.
സ്ഥലം ഏറ്റെടുക്കുമ്പോൾ ഒരുവീട് ഒറ്റപ്പെട്ട് പോകും. എസ്റ്റേറ്റിനുള്ളിലൂടെയുണ്ടായിരുന്ന രണ്ട് കുടുംബങ്ങളുടെ വഴി നഷ്ടമാകും. ചെറുവള്ളി എസ്റ്റേറ്റിനുള്ളിലെ ആശുപത്രി, കാന്‍റീൻ, ലേബർ ഓഫിസ്, റേഷൻ കട, പ്രവർത്തനരഹിതമായ ബാലവാടി, ഐസോലേഷൻ കെട്ടിടം എന്നിവയും നഷ്ടമാകും. എസ്റ്റേറ്റിന് പുറത്തുള്ള നോയൽ മെമ്മോറിയൽ എൽ.പി. സ്കൂൾ അടക്കം രണ്ട് വിദ്യാലയങ്ങൾക്ക് താഴുവീഴും. ഇതിൽ എസ്റ്റേറ്റിനുള്ളിലേത് പ്രവർത്തനരഹിതമാണ്. തോട്, അരുവി തുടങ്ങിയ ജലാശയങ്ങളും മറ്റ് പ്രകൃതി വിഭവങ്ങളും പദ്ധതി പ്രദേശത്തിൽ ഉൾപ്പെടുന്നു. സമീപപ്രദേശങ്ങളിൽ ഉരുൾപൊട്ടൽ അടക്കം റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ മലനിരകളും കുന്നുകളും ഇടിച്ചുനിരത്തുന്നത് ഭാവിയിൽ പ്രകൃതിക്ഷോഭങ്ങൾക്ക് കാരണമായേക്കാമെന്നും കരട് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മണിമലയാറിലേക്ക് എത്തിച്ചേരുന്ന നിരവധി നീരുറവകളും കൈത്തോടുകളും പദ്ധതി പ്രദേശത്ത് ഉൾപ്പെട്ടിട്ടുണ്ട്. ഇവ നഷ്ടമാകുന്നത് ആറിന്‍റെ സ്വഭാവിക നീരൊഴുക്കിനെ ബാധിക്കാം. കുടിവെള്ളപ്രശ്നവും ഉണ്ടാകാം. 2392 തേക്കുകൾ അടക്കം 20,000 ത്തിലധികം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്നും കൊച്ചി തൃക്കാക്കര ഭാരത് മാത സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തൽ യൂനിറ്റ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.