തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവ്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി ശിപാർശകൾ കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ്. പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും താൽപര്യം പദ്ധതിക്ക് അനുകൂലമെന്നാണ് വിദഗ്ധ സമിതി ശിപാർശയെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
സാമൂഹികനീതി ഉറപ്പാക്കുംവിധം പുനരധിവാസ പാക്കേജ് തയാറാക്കണമെന്നും വിദഗ്ധ സമിതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയാണ് ഭൂമി ഏറ്റെടുക്കലിന് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയത്.
ചുരുങ്ങിയ അളവിലുള്ള ഭൂമിയാണ് വേണ്ടതെന്നതും അനുയോജ്യമായ മറ്റു ഭൂമികള്‍ ലഭ്യമല്ലാത്തതും പരിഗണിച്ചും കണ്ടെത്തിയ ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലുമാണ് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ടില്‍ വിദഗ്ധ സമിതി ശിപാര്‍ശ സമര്‍പ്പിക്കുന്ന തീയതി മുതല്‍ ഒരു വർഷത്തിനകം സെക്ഷൻ 11(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കണമെന്നുള്ളതാണ് 2013 ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ച് വ്യവസ്ഥ. 2023 ആഗസ്റ്റ് 22 നാണ് വിദഗ്ധ സമിതി ശിപാര്‍ശ സമര്‍പ്പിച്ചത്.
അപ്രകാരം 2024 ആഗസ്റ്റില്‍ തന്നെ ഭൂമി ഏറ്റെടുക്കലിന്റെ പ്രാഥാമിക വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിന് ഭൂവുടമകളുടെ ഭൂരേഖകള്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. ഭൂരേഖ പരിശോധനക്കു ശേഷം ഭൂമി സർവേ ചെയ്യുന്ന നടപടികളിലേക്ക് കടക്കും. അതിനു ശേഷം അന്തിമ വിജ്ഞാപനം ഇറക്കും. എല്ലാ നടപടികളും അതിവേഗത്തില്‍ സമയബന്ധിതമായിതന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.