തിരുവനന്തപുരം: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനാനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ. തന്ത്രികുടുംബം, പന്തളം കൊട്ടാരം അടക്കമുള്ളവരുമായി ചർച്ച നടത്തും. ഒക്ടോബർ മൂന്നിന് ബോർഡ് യോഗം അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.
ആചാരാനുഷ്ഠാനങ്ങൾക്കനുസരിച്ച നടപടികളുമായി ബോർഡ് മുന്നോട്ടുപോകുമെന്ന് പത്മകുമാർ പറഞ്ഞു. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കരുതലോടെയാണ് കാര്യങ്ങൾ നീക്കുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ കൂട്ടത്തോടെ ശബരിമലയിൽ എത്തുമെന്ന് കരുതുന്നില്ല. വിധിയുടെ ആവേശത്തിൽ വരുന്ന സ്ത്രീകൾ മാത്രമായിരിക്കും എത്തുക. അനുഷ്ഠാനങ്ങളിൽ വിശ്വസിക്കുന്ന സ്ത്രീകൾ അത് പാലിച്ചേ എത്തൂ. തെൻറ വീട്ടിൽ നിന്ന് സ്ത്രീകളെ ഇപ്പോൾ ശബരിമലയിലേക്ക് അയക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. സ്ത്രീ ഭക്തരെകൂടി കണക്കിലെടുത്ത് ശബരിമലയിൽ 100 ഏക്കറും നിലക്കലിൽ 100 ഹെക്ടറും ഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.