കൊച്ചി: ശബരിമലയിൽ നടന്ന അക്രമസംഭവങ്ങളിൽ തിരിച്ചറിഞ്ഞ പ്രതികൾക്കെതിരെ എന്ത് നടപടിയെടുത്തെന്ന് സർക്കാറിനോട് ഹൈകോടതി. അതിക്രമം നടത്തിയ പൊലീസുകാർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് വിശദീകരിക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
ശബരിമലയിൽ നാമജപ യജ്ഞത്തിൽ പങ്കെടുത്ത ഭക്തരടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ് പീഡിപ്പിക്കുകയാണെന്നാരോപിച്ച് ശബരിമല ആചാര സംരക്ഷണസമിതി ചെയർമാൻ അനോജ് കുമാർ, സുരേഷ് കുമാർ എന്നിവർ നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം തേടിയത്.
ശബരിമലയില്‍ പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് ഹരജിക്കാര്‍ ചില ചിത്രങ്ങള്‍ കോടതിയില്‍ ഹാജരാക്കി. ഭക്തരെയും കാഴ്ചക്കാരെയുമൊക്കെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായും ഹരജിക്കാർ ആരോപിച്ചു.
പൊലീസുകാരും അതിക്രമം കാട്ടിയെന്നും വാഹനങ്ങൾ തകർത്തെന്നും അവർ ചൂണ്ടിക്കാട്ടി. പരിഷ്കൃത സമൂഹത്തിൽ പ്രഫഷനൽ പൊലീസ് സംവിധാനമാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
യഥാർഥ ഭക്തർക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് സർക്കാർ
ശബരിമലയിലെത്തുന്ന യഥാർഥ ഭക്തർക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് സർക്കാർ ൈഹകോടതിയിൽ. മണ്ഡല മകരവിളക്ക് കാലത്ത് ക്ഷേത്രത്തിെൻറ അന്തസ്സും പവിത്രതയും നിലനിർത്തിതന്നെ എല്ലാ ഭക്തർക്കും ദർശനത്തിനു സംരക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈകോടതി. ശബരിമല പ്രവേശനത്തിന് പൊലീസ് സംരക്ഷണം തേടി നാലു സ്ത്രീകൾ നൽകിയ ഹരജിയിലാണ് കോടതിയും സർക്കാറും നിലപാടറിയിച്ചത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാത്തവിധം നിയമപ്രകാരമുള്ള ദർശനത്തിന് അവസരമൊരുക്കുമെന്ന സർക്കാർ വിശദീകരണം രേഖപ്പെടുത്തി കോടതി ഹരജി തീർപ്പാക്കി.
സുപ്രീംകോടതി വിധിയെത്തുടർന്ന് മലകയറാൻ എത്തിയ സ്ത്രീകൾക്കുനേരെ വ്യക്തിപരമായ ആക്രമണങ്ങളുണ്ടായെന്നും അപകീർത്തിപ്പെടുത്താൻ ശ്രമമുണ്ടായെന്നും ഹരജിയിൽ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാ അധികൃതർക്കും ബാധ്യതയുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണ്. കോടതി വിധിയുണ്ടായിട്ടും വേണ്ടത്ര സംരക്ഷണം ഒരുക്കുന്നതിൽ സർക്കാറിന് വീഴ്ചയുണ്ടായോ എന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. വീഴ്ച ഉണ്ടായിട്ടില്ലെന്ന് സർക്കാറിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി വ്യക്തമാക്കി.
ഭക്തർക്ക് സംരക്ഷണം നൽകാൻ പരമാവധി നടപടി സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. അതേസമയം, തന്നെ അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാധ്യതയും പരിഗണിക്കേണ്ടിവന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയാൻ ഭക്തരുടെ വേഷത്തിൽ ക്രിമിനലുകൾ എത്തിയെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഉത്തരവനുസരിച്ച് ഭക്തർക്ക് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിന് ഉത്തരവാദിത്തമുണ്ടെന്നു കോടതി പറഞ്ഞു. സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാ യഥാർഥ ഭക്തർക്കും സംരക്ഷണം നൽകുമെന്നായിരുന്നു സർക്കാർ മറുപടി.
ഭരണഘടന സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനത്തുള്ളവർ പോലും വിധിയിൽ പ്രതിഷേധിച്ച് രംഗത്തുവന്ന സങ്കീർണാവസ്ഥയാണുള്ളതെന്നും സ്റ്റേറ്റ് അറ്റോണി ചൂണ്ടിക്കാട്ടി. ശബരിമലയിലെത്തുന്ന ഭക്തർക്ക് സുരക്ഷ കാര്യത്തിൽ ആശങ്കയുണ്ടെങ്കിൽ അപേക്ഷ നൽകിയാൽ പരമാവധി സഹായം നൽകാനാവുമെന്നും സർക്കാർ അറിയിച്ചു. ഹരജിക്കാര്‍ പലതരത്തിലുള്ള ആവശ്യങ്ങളാണ് ഒരു ഹരജിയിലൂടെ തേടുന്നതെന്ന് ഉത്തരവില്‍ നിരീക്ഷിച്ചു. ഹരജി ഊഹാേപാഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതും യുക്തിഭദ്രമല്ലാത്തതുമാണ്. സംരക്ഷണംതേടി ഹരജിക്കാർ പൊലീസിനെയാണ് സമീപിക്കേണ്ടിയിരുന്നതെന്നു കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.