കണ്ണൂർ: ശബരിമല വികസനത്തിന് കേന്ദ്രം അനുവദിച്ച ഫണ്ട് ഉപയോഗിച്ചില്ലെന്ന കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിെൻറ ആരോപണത്തിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ മറുപടി. ഹൈകോടതി നിർദേശാനുസരണമുള്ള ഹൈകോർ കമ്മിറ്റിയുെട കീഴിെല ടെക്നിക്കൽ കമ്മിറ്റിയാണ് ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതെന്ന് മന്ത്രി സുരേന്ദ്രൻ പറഞ്ഞു.
100 കോടി അനുവദിച്ചെങ്കിലും 18 കോടി മാത്രമാണ് കിട്ടിയത്. ആറുകോടിയുെട പമ്പ പുനരുദ്ധാരണ പരിപാടികളിൽ 40 ശതമാനം പൂർത്തിയായിരുന്നു. എന്നാൽ അത് പ്രളയത്തിൽ ഒലിച്ചു പോയി. അതിനിടെ പമ്പ, നിലക്കൽ, ശബരിമല എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സുപ്രീംകോടതി എംപവർ കമ്മിറ്റിയെ നിയോഗിച്ചു. ഇൗ കമ്മിറ്റി പമ്പ സന്ദർശിച്ച് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് പറഞ്ഞിരിക്കുകയാണ്. ഫലത്തിൽ സ്റ്റേ നിലനിൽക്കുന്ന അവസ്ഥായുള്ളത്. ഇതൊന്നും കണ്ണന്താനത്തിന് മനസിലാകാത്തതല്ലെന്നും എന്നിട്ടും എന്തിനാണ് തെറ്റായ പരാമർശങ്ങൾ നടത്തുന്നതെന്നും കടകംപള്ളി ചോദിച്ചു.
ശബരിമലയിൽ ഭക്തർക്ക് മാത്രമേ സംരക്ഷണം ഒരുക്കാൻ സാധിക്കുകയുള്ളു. ഗുണ്ടകൾക്ക് സംരക്ഷണം നൽകാൻ സർക്കാറിനാകില്ല. ബി.ജെ.പിയും ആർ.എസ്.എസും പ്രശ്നങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും. ഇന്നലെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ രാജേഷ് ആർ.എസ്.എസിെൻറ എറണാകുളം ജില്ലാ നേതാവാണ്. സന്നിധാനത്ത് ചോരയും മൂത്രവും വീഴ്ത്തണമെന്ന് കരുതുന്നവരാണ് പ്രതിഷേധം നടത്തുന്നത്. അത് പൊലീസിന് അറിയാവുന്നതുകൊണ്ട് അവർ സംയമനം പാലിച്ചാണ് പെരുമാറുന്നത്. മറ്റൊരു സംസ്ഥാനത്തും പൊലീസ് ഇതുപോലെ സംയമനം പാലിക്കില്ലെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയിൽ ഭക്തജനങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ആർ.എസ്.എസ് പ്രവർത്തകർക്ക് മാത്രമാണ് പ്രശ്നമുള്ളത്. ശബരിമല ആർ.എസ്.എസിനെ ഏൽപ്പിക്കാൻ തത്കാലം സർക്കാർ ഉദ്ദേശിക്കുന്നില്ല. സന്നിധാനം പ്രതിഷേധ കേന്ദ്രമാക്കാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നേരത്തെ, യുവതികൾ കയറിയാൽ പ്രതിഷേധം എന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്. എന്നാൽ കഴിഞ്ഞ ദിവസം എന്തിനാണ് പ്രതിഷേധം നടത്തിയത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നേടാൻ വേണ്ടി മാത്രമുള്ള ശ്രമമാണിത്. ആർ.എസ്.എസുകാർ സുപ്രീംകോടതിയിൽ പോയി നേടിയ വിധിയാണിത്. കുറച്ചു കാലം കുറച്ചുപേരെ പറ്റിക്കാം. എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാമെന്ന് ആർ.എസ്.എസും ബി.ജെ.പിയും കരുതേണ്ട. ആളുകൾ കാര്യങ്ങൾ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കേന്ദ്രമന്ത്രിമാരെ ശബരിമലയിലേക്ക് കൊണ്ടുവരുന്നുവെന്ന് പറഞ്ഞു. കേന്ദ്രമന്ത്രിമാർ വരുന്നത് നല്ലതാണ്. അവർ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഗുണ്ടായിസം കാണിക്കാൻ പറ്റില്ല. അനുയായികൾ എന്ന പേരിൽ ഗുണ്ടായിസം കാണിക്കുന്നവരെ അവർ നിലക്ക് നിർത്തുമെന്നാണ് താൻ കരുതുന്നതെന്നും കടകംപള്ളി പറഞ്ഞു.
ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ വിഷലിപ്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പൊലീസുകാരുടെ കൈയിലെ പണമെടുത്ത് വാങ്ങിയ ഭക്ഷണം കഴിച്ച ശേഷം ഭക്ഷണം കിട്ടിയില്ലെന്ന് ആരോപിക്കുന്നത് ശരിയല്ല. സുരേന്ദ്രൻ അമ്മ മരിച്ചതിെൻറ പിറ്റേന്നു തന്നെ ശബരിമലയിൽ കയറുന്നതിന് തനിക്ക് പ്രശ്നമില്ല. പക്ഷേ, ഇവർ പറയുന്നത് വിശ്വാസങ്ങളെ കുറിച്ചാണ്. വിശ്വാസികളുടെ കാര്യമായതുകൊണ്ടാണ് താൻ ഇക്കാര്യം പറഞ്ഞതെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.