ശബരിമല: ശബരിമല തീർഥാടനത്തിന് വെല്ലുവിളിയായി വകുപ്പുകളുടെ ഏകോപനമില്ലായ്മയും പടലപ്പിണക്കവും. തീർഥാടകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതാണ് തിരക്ക് നിയന്ത്രണം പാളിയതടക്കം പ്രശ്നങ്ങൾക്ക് കാരണമെന്ന് ദേവസ്വംമന്ത്രിയടക്കം പറയുമ്പോഴും യാഥാർഥ്യം അതല്ലെന്ന് കഴിഞ്ഞ സീസണിൽ ഇതേ കാലയളവിൽ അനുഭവപ്പെട്ട തിരക്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് 98,627 പേര് ദര്‍ശനത്തിനെത്തിയപ്പോള്‍ ഈ വര്‍ഷം 77,970 പേരാണ് ഇതേ ദിവസം ദർശനം നടത്തിയത്. 20,657 പേരുടെ കുറവാണ് ഇതേ ദിവസം ഇക്കുറി സന്നിധാനത്ത് ഉണ്ടായത്. കഴിഞ്ഞ സീസണിൽ ഡിസംബർ 10ന് 90,717 തീർഥാടകർ എത്തിയപ്പോൾ ഇത്തവണ 90,373 പേർ മലചവിട്ടി.
കഴിഞ്ഞ ഡിസംബർ 11ന് 96,654 പേർ വന്നപ്പോൾ ഇത്തവണ 90,899 പേർ മാത്രമാണ് ദർശനം നടത്തിയത്. മുൻവർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ദർശനത്തിനെത്തിയ തീർഥാടകരുടെ എണ്ണം ഇക്കുറി കുറവാണ്. എന്നിട്ടും ഭക്തർ 15 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ട സാഹചര്യം എങ്ങനെയുണ്ടായി എന്നതിന് വ്യക്തമായ ഉത്തരം നൽകാൻ പൊലീസിനും ദേവസ്വം ബോര്‍ഡിനും കഴിയുന്നില്ല. ഏകോപനത്തിന്റെ അഭാവത്തിനൊപ്പം തിരക്ക് നിയന്ത്രിക്കുന്നതിൽ വൈദഗ്ധ്യമുള്ള പൊലീസുകാരുടെ കുറവും തിരുപ്പതി മോഡൽ എന്ന പേരിൽ ആരംഭിച്ച ക്യൂ കോംപ്ലക്സുകളിലെ അശാസ്ത്രീയതയും ഭക്തരുടെ കാത്തുനിൽപ് കൂടാൻ കാരണമായി പറയുന്നുണ്ട്.
കൊച്ചി: നിലക്കലിലും പമ്പയിലും എരുമേലിയിലുമായി 2034 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഹൈകോടതിയിൽ. നിലക്കലിൽ ഐ.പി.എസ് റാങ്കിലെ സ്പെഷൽ ഓഫിസറുടെ നേതൃത്വത്തിൽ 701 പൊലീസുകാരെ മൂന്ന് ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്.
മൂന്ന് ഡിവൈ.എസ്.പിമാരും സംഘത്തിലുണ്ട്. സ്പെഷൽ ഓഫിസറുടെ നേതൃത്വത്തിൽ ഏഴ് ഡിവൈ.എസ്.പിമാരടക്കം 843 പൊലീസുകാരെയാണ് പമ്പയിൽ നിയോഗിച്ചിരിക്കുന്നത്.
എരുമേലിയിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 490 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.നിലക്കൽ-കണമല, നിലക്കൽ-ളാല മേഖലയിൽ ആറ് മൊബൈൽ സ്ക്വാഡുകൾ പ്രവർത്തിക്കുന്നതായി ഡി.ജി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.