ചിറ്റാർ: ശബരിമല ഉൾവനത്തിൽ 25 ദിവസംമുമ്പ് കാണാതായ യുവാവിനെയും രണ്ടു ദിവസംമുമ്പ് കാണാതായ മധ്യവയസ്കനായ തീർഥാടകനെയും വനപാലകരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. 25 ദിവസംമുമ്പ് കാണാതായ പരുമല പുത്തൻപറമ്പിൽ സജി വർഗീസിനെയും (34) രണ്ടു ദിവസം മുമ്പ് സന്നിധാനത്തുെവച്ച് കാണാതായ തീർഥാടകൻ തമിഴ്നാട് തിരുപ്പൂർ താരാപുരം നായിക്കൽ പുതുതെരുവ് 3/9 ൽ കുപ്പുസ്വാമി (52) യെയുമാണ് ഉൾവനത്തിൽനിന്ന് കണ്ടുകിട്ടിയത്.
പമ്പയിൽ കെ.എസ്.ഇ.ബിയുടെ കേബിൾ വലിക്കുന്നതിന് കരാർ പണിക്ക് എത്തിയതാണ് പരുമല സ്വദേശിയായ സജി വർഗീസ്. ഇദ്ദേഹത്തെ സെപ്റ്റംബർ 24 മുതലാണ് പമ്പയിൽനിന്ന് കാണാതായത്. സജിയെ കാണാനില്ലെന്ന് കാണിച്ച് കൂടെ ജോലി ചെയ്യുന്നവർ പമ്പ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം വനപാലകരാണ് സജി വർഗീസ് അവശനിലയിൽ ഉൾവനത്തിൽ കിടക്കുന്നതായി കണ്ടത്. കഴിഞ്ഞ ദിവസം ശബരിമല ഉൾവനത്തിലുള്ള പ്ലാന്തോട് ക്യാമ്പിലെ ഷെഡിലേക്കു പോകവെ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് പൂർണനഗ്നനായി പുഴുവരിച്ച അവശനിലയിൽ സജി കിടക്കുന്നത് കാണുന്നത്. യുവാവിനെ കണ്ടെത്തിയ സ്ഥലം എപ്പോഴും കാട്ടാനയുടെയും കടുവകളുടെയും സാനിധ്യമുള്ള സ്ഥലമാണ്. ഉടൻ വനപാലകർ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച് യുവാവിന് ബിസ്കറ്റും വെള്ളവും നൽകി.
പ്രധാന റോഡിൽനിന്ന് മൂന്നു കി.മീ. ഉൾവനത്തിലാണ് സജിയെ കാലിലെ മുറിവിൽ പുഴുവരിച്ച നിലയിൽ കണ്ടത്. വനപാലകർ വിവരം അറിയിച്ചതനുസരിച്ച് പമ്പ സി.ഐ കെ.എസ്. വിജയെൻറ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി യുവാവിനെ പമ്പ ആശുപത്രിയിലേക്കു മാറ്റി. മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിച്ചിരുന്ന ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി നിർദേശപ്രകാരം യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മാറ്റി.ശബരിമല തീർഥാടനത്തിനെത്തിയ കുപ്പുസ്വാമിയെ കാണാനിെല്ലന്ന് വിവരം അറിഞ്ഞ് പമ്പ പൊലീസ് രണ്ടുദിവസമായി തിരയുകയായിരുന്നു. സന്നിധാനത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൊപ്രക്കളം ഭാഗത്തേക്കു പോകുന്നതായി ശ്രദ്ധയിൽപെട്ടു. അവിടെ വനം വകുപ്പ് സ്ഥാപിച്ച സി.സി ടി.വി കാമറയിൽ വെള്ളിയാഴ്ച വൈകീട്ട് 4.30ന് കുപ്പുസ്വാമിയെ കണ്ടു. വനപാലകരും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് കുപ്പുസ്വാമിയെ വനത്തിനുള്ളിൽനിന്ന് കണ്ടുകിട്ടിയത്. ഇദ്ദേഹത്തെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. മാനസിക രോഗിയായ ഇദ്ദേഹത്തെ ബന്ധുക്കൾക്ക് പൊലീസ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.