ശബരിമല ആചാര സംരക്ഷണത്തിനായി ആത്മാഹുതിക്കും തയാർ: പ്രയാർ ഗോപാലകൃഷ്ണൻ

ചാരുംമൂട്: ശബരിമല ആചാര സംരക്ഷണത്തിന്​ വേണ്ടിവന്നാൽ ആത്മാഹുതിക്കും തയാറാണെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമല കർമസമിതി നേതൃത്വത്തിൽ ചാരുംമൂട്ടിൽ നടന്ന അയ്യപ്പനാമ സങ്കീർത്തന പദയാത്രയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിയിൽ പഴയ സത്യവാങ്മൂലം തന്നെ ഈ സർക്കാറും സമർപ്പിച്ചതാണ് ഈ ദുർവിധിക്ക്​ കാരണമെന്നും എന്ത്​ വില കൊടുത്തും സർക്കാറി​​​െൻറ അഹന്തയും അഹങ്കാരവും അവസാനിപ്പിക്കാൻ ലഭിച്ച ഈ സന്ദർഭം പൂർണമായും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി സുദർശനൻ പാറ്റൂർ അധ്യക്ഷത വഹിച്ചു.

പ്രയാർ ഗോപാലകൃഷ്​ണ​​​െൻറ ഹരജിയെ പിന്തുണക്കുമെന്ന്​ മുല്ലപ്പള്ളി
കോഴിക്കോട്​: ശബരിമലയി​ലെ സ്​ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ മുൻ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ പ്രയാർ ഗോപാലകൃഷ്​ണ​ൻ നൽകുന്ന ഹരജിയെ പിന്തുണക്കുമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിനുവേണ്ടി മുതിർന്ന അഭിഭാഷകരുമായി സംസാരിക്കാനും നിയമസഹായം ലഭ്യമാക്കാനും പി.സി. ചാക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്​. കോഴിക്കോട്ട്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

കോൺഗ്രസിന്​ നേരിട്ട്​ കേസിൽ കക്ഷിചേരാൻ കഴിയില്ല. ശബരിമല വിഷയത്തിൽ ബി.ജെ.പി വർഗീയകാർഡ്​ കളിക്കുകയാണ്​. അവരുടെ ദുഷ്​ടലാക്ക്​ കാണാതിരുന്നുകൂടാ. ബി.ജെ.പിയുടെ പരിഗണന വിശ്വാസപരമല്ലെന്നും ശബരിമലയെ അയോധ്യയെപ്പോലെ രാഷ്​ട്രീയമായി ഉപയോഗപ്പെടുത്താനാണ്​ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു​. വിശ്വാസികൾക്കൊപ്പം ഇൗ വിഷയത്തിൽ നിലയുറപ്പിക്കുന്ന നിലപാടാണ്​ കോൺഗ്രസിനുള്ളത്​. തെരുവിൽ സമരംചെയ്യാൻ കോൺഗ്രസ്​ ഇല്ല. സുന്നി പള്ളികളിൽ സ്​ത്രീകൾക്ക്​ പ്രവേശനം അനുവദിക്കണമെന്ന കോടിയേരി ബാലകൃഷ്​ണ​​​െൻറ പ്രസ്​താവന തീക്കൊള്ളികൊണ്ട്​ തല ചൊറിയുന്നതിന്​ സമാനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുംബൈയിൽ നാമജപ യാത്ര നടത്തി
മുംബൈ: ശബരിമല വിധിക്കെതിരെ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കു പിന്തുണയുമായി മുംബൈയിൽ നാമജപ യാത്ര നടത്തി. വിവിധ ഹിന്ദു സംഘടനകള്‍ ഉൾപ്പെട്ട ശബരിമല ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ്​ വെള്ളിയാഴ്​ച നവിമുംബൈയിലെ വാശിയിലുള്ള കേരളഹൗസിലേക്കു നാമജപ യാത്ര നടത്തിയത്​. സ്ത്രീകൾ ഉൾപ്പെടെ നഗരത്തി‍​​െൻറ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിയ ആയിരങ്ങൾ പങ്കെടുത്തു. വിശ്വാസം സംരക്ഷിക്കാൻ കഴിയാത്തപക്ഷം ദേവസ്വം ബോർഡ് ചുമതല ഒഴിയണമെന്നും നാമജപ യാത്ര പ്രതിഷേധത്തി‍​​െൻറ തുടക്കം മാത്രമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ സ്വാമി കൃഷ്ണാനന്ദ സരസ്വതി പറഞ്ഞു. ഉച്ചക്ക്​ മൂന്നരയോടെ വാശി റെയിൽവേ സ്​റ്റേഷൻ പരിസരത്തുനിന്നാണ്​ ശരണം വിളികളോടെ കേരളാ ഹൗസിലേക്ക് യാത്ര നടത്തിയത്​.

മുഖ്യമന്ത്രിക്ക് പിന്തുണ -ദലിത് ഫെഡറേഷൻ
പീരുമേട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ നൽകുന്നതായും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും ഇന്ത്യൻ ദലിത് ഫെഡറേഷൻ. ദലിത് നേതാവായിരുന്ന കല്ലറ സുകുമാര​​​െൻറ 22ാം ചരമവാർഷികത്തോട് അനുബന്ധിച്ച്​ നടന്ന സമ്മേളനത്തിലായിരുന്നു ഫെഡറേഷൻ നിലപാട്​ വ്യക്​തമാക്കിയത്​. കോടതി വിധി അംഗീകരിക്കാതെ മുന്നാക്ക സമുദായത്തിൽ ഉൾപ്പെട്ടവർ വെല്ലുവിളി നടത്തുകയാണ്​. ആരുടെയും പ്രേരണയില്ലാതെ വിശ്വാസികൾ തെരുവിലിറങ്ങുന്നുവെന്ന് പറയുമ്പോഴും നായർ സമുദായത്തിൽപെട്ടവരും എൻ.എസ്.എസ്​ വനിത സംഘം പ്രവർത്തകരുമാണ് പ്രതിഷേധവുമായി ഇറങ്ങുന്നത്. ശബരിമലയിൽ ദലിത് വിഭാഗത്തിൽപെട്ട ശാന്തിക്കാർ എത്തുന്നതിനെയും മുന്നാക്കക്കാർ ഭയക്കുകയാണ്.

വടക്കെ ഇന്ത്യയിൽ രാമൻ വികാരം കത്തിക്കുമ്പോൾ കേരളത്തിൽ അയ്യപ്പൻ വികാരം ആളിപ്പടർത്താൻ ശ്രമം നടക്കുകയാണ്. മുന്നാക്ക വിഭാഗക്കാർ നടത്തുന്ന പ്രക്ഷോഭത്തിൽ പട്ടിക ജാതി പിന്നാക്ക വിഭാഗക്കാർ പങ്കെടുക്കരുതെന്നും പങ്കെടുക്കുന്നവർ പിൻമാറണമെന്നും നേതാക്കളായ പി.കെ. രാധാകൃഷ്ണൻ, പി.ഡി. അനിൽകുമാർ,വി.വി. ആനന്ദൻ, വി.കെ. വിമലൻ കല്ലറ ശശീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.


നടൻ ദേവ​​​െൻറ ആചാരസംരക്ഷണ മുന്നേറ്റ യാത്ര ഞായറാഴ്​ച മുതൽ
ചെങ്ങന്നൂർ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് സിനിമനടൻ ദേവൻ നയിക്കുന്ന ആചാര സംരക്ഷണ മുന്നേറ്റം ഞായറാഴ്​ച ചെങ്ങന്നൂരിൽനിന്ന്​ ആരംഭിക്കും. രാവിലെ എട്ടിന്​ ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽനിന്ന്​ ആരംഭിക്കുന്ന യാത്ര ശബരിമല തന്ത്രിമാരായ കണ്ഠരര് മോഹനരര്, മകൻ കണ്ഠരര് മഹേഷ് മോഹനരര് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. നടൻ കൊല്ലം തുളസി, ശബരിമല വാവർ സ്വാമി സിദ്ദീഖ് മുസ്​ലിയാർ, മുൻ മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി, കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ മഠം മഠാധിപതി സ്വാമി ശിവബോധാനന്ദ, തന്ത്രവിദ്യാപീഠം ഡയറക്ടർ ടി.ഡി.പി. നമ്പൂതിരി, ചലച്ചിത്ര ഗാനരചയിതാവ് ഒ.എസ്. ഉണ്ണികൃഷ്ണൻ, കൊച്ചുകടുത്ത സ്വാമിയുടെ പിന്മുറക്കാരൻ വിജയൻ നായർ തുടങ്ങിയവർ പങ്കെടുക്കും. യാത്രയിൽ ശബരിമലക്ഷേത്രവും പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ട പ്രമുഖരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ച്​ രാഷ്​ട്രപതിക്കും പ്രധാനമന്ത്രിക്കും നൽകും.

ശബരിമല ഹരജിയുമായി നായർ വനിതാ സമാജവും
ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേ സമസ്ത നായര്‍ വനിതാ സമാജവും സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കി. ശബരിമലയിലേത് തുല്യനീതിയുടെ പ്രശ്‌നമല്ലെന്നും നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാവകശാത്തി​​​െൻറ പ്രശ്​നമാണെന്നും ഹരജി ചൂണ്ടിക്കാട്ടി. ശബരിമലയിലെ നിഷ്ഠകളൊന്നും കോടതിയുടെ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാകേണ്ട വിഷയമല്ലെന്നും വനിതാ സമാജം സെക്രട്ടറി സോജാ ബേബി ഫയല്‍ ചെയ്ത ഹരജിയിലുണ്ട്​.

നിലക്കലിൽ രാപകൽ സമരം തുടരുന്നു
പത്തനംതിട്ട: നിലക്കലിൽ വിശ്വാസസംരക്ഷണ സമിതി നേതൃത്വത്തിലുള്ള രാപകൽ സമരം തുടരുന്നു. ശബരിമല സ്​ത്രീ പ്രവേശന വിധിക്കെതിരെ സ്​ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം കഴിഞ്ഞ ഞായറാഴ്​ച മുതലാണ്​ സമരം ആരംഭിച്ചത്​. ആചാരം ലംഘിച്ച്​ യുവതികൾ ദർശനത്തിന്​ എത്തിയാൽ നിലക്കലിൽ തടയാനാണ്​ തീരുമാനം. 50 വയസ്സിന്​ താഴെയുള്ള വനിതകളായ പൊലീസുകാരെയും തടയും. വനത്തിലെ ആദിവാസികളടക്കം സമരത്തിൽ പ​െങ്കടുക്കുന്നുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത്​ ഇവിടെ കൂടുതൽ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.​ തുലാമാസ പൂജക്കായി ബുധനാഴ്​ച വൈകീട്ടാണ്​ നടതുറക്കുന്നത്. ഇതോടെ നിലക്കലേക്ക്​ എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കും.​ നടതുറക്കുന്നതിന്​ മുമ്പ്​ കൂടുതൽ ​ആളുകളെ സമരപ്പന്തലിൽ എത്തിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്​. 17 മുതൽ പമ്പയിലും നാമജപ പ്രാർഥന യജ്ഞം ആരംഭിക്കും.

വിശ്വാസികളെ കുത്തിമലർത്താൻ കോൺഗ്രസും ശ്രമിക്കുന്നു - പി.എസ്. ശ്രീധരൻപിള്ള
കൊല്ലം: ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സർക്കാറിനോടൊപ്പം വിശ്വാസികളെ കുത്തിമലർത്താൻ കോൺഗ്രസും ശ്രമിക്കു​െന്നന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍പിള്ള. ശബരിമല സംരക്ഷണയാത്രയുടെ ഭാഗമായി ചിന്നക്കടയിൽ നടന്ന സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കേരളത്തെ ചൈനീസ് മാതൃകയാക്കാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നതെങ്കിൽ വിശ്വാസിസമൂഹം മറുപടി നൽകുമെന്ന് കൃഷ്ണദാസ് പറഞ്ഞു. നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടാൻ സർക്കാറിന് ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ് അധ്യക്ഷതവഹിച്ചു. എൻ.ഡി.എ നേതാക്കളായ പി.സി. തോമസ്, എ.എൻ. രാധാകൃഷ്ണൻ, ശോഭാസുരേന്ദ്രൻ, കെ. സുരേന്ദ്രൻ, ജെ. പത്മകുമാർ, ടി.വി. ബാബു, എം.എസ്. ശ്യാംകുമാർ, തഴവ സഹദേവൻ, ശിവരാജൻ, ശൈലേന്ദ്രബാബു, പ്രകാശ് ബാബു എന്നിവർ സംസാരിച്ചു.

സമരം നടത്താൻ പന്തളം രാജാവി​​െൻറ അനുമതി വേണ്ട
ചവറ: ശബരിമല വിഷയത്തില്‍ കോടതി വിധിക്കെതിരെ സമരം നടത്താന്‍ പന്തളം രാജാവിൻറെ അനുവാദം വേണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍പിള്ള. ശബരിമല സംരക്ഷണ യാത്രക്ക്​ ചവറയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓര്‍ത്തഡോക്‌സ്, യാക്കോബ പള്ളി തര്‍ക്കങ്ങള്‍ ഉൾ​െപ്പടെ പലവിധികളും നടപ്പാക്കാതെ സുപ്രീംകോടതി വിധി ശബരിമലയുടെ കാര്യത്തില്‍ നടപ്പാക്കുന്നത് വിശ്വാസികളെ വെല്ലുവിളിക്കുന്നതാണ്. ലക്ഷ്യം കാണുന്നതുവരെ സമരത്തില്‍നിന്ന്​ പിന്മാറില്ല. യാത്ര തിരുവനന്തപുരത്തെത്തുമ്പോഴേക്കും സര്‍ക്കാര്‍ റിവ്യൂ ഹരജിക്ക് തയാറാകും. അല്ലാത്തപക്ഷം വൻ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - sabarimala- kerala news sabarimala, sabarimala verdict, cpim, bjp, NSS, supreme court, rahul easwar, kerala news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.