തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സി.പി.എം വിശ്വാസികൾക്കൊപ്പമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണൻ. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. വിധി നടപ്പാക്കാൻ സർക്കാറിന് നിയമപരമായ ബാധ്യതയുണ്ട്. ഇക്കാര്യമാണ് സീതാറാം യെച്ചൂരി പറഞ്ഞത്. യു.ഡി.എഫിന് മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ശബരിമല വിഷയം പറയുന്നത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്‍റെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ആർ.എസ്.എസിലും ബി.ജെ.പിയിലും ഉള്ള സംഘർഷങ്ങളുടെ ഭാഗമായാണ് സി.പി.എമ്മിനെതിരെ വിമർശനം ഉന്നയിച്ചത്. യു.ഡി.എഫിനെ സഹായിക്കുകയാണ് ബാലശങ്കറിന്‍റെ ലക്ഷ്യം. സി.പി.എമ്മിന് ആർ.എസ്.എസുമായി ഒരു സഹകരണവുമില്ലെന്നും കോടിയേരി വ്യക്തമാക്കി.
കേരള കോൺഗ്രസ് പി.സി തോമസ്-പി.ജെ ജോസഫ് വിഭാഗങ്ങൾ ലയിച്ചത് ആർ.എസ്.എസ് പദ്ധതിയാണ്. പി.ജെ. ജോസഫിനെ കൂടി താമസിയാതെ എൻ.ഡി.എയിൽ എത്തിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തൽ ആർ.എസ്.എസിന്‍റെ ലക്ഷ്യമാണെന്നും കോടിയേരി പറഞ്ഞു.
യു.ഡി.എഫിനെ ദുർബലപ്പെടുത്താനാണ് ജോസ് വിഭാഗത്തെ എൽ.ഡി.എഫിൽ എത്തിച്ചത്. ജോസ് കെ. മാണി വിഭാഗത്തിന് അനർഹമായി സീറ്റ് നൽകിയിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ഭാര്യ വിനോദിനിയുടെ കൈയ്യിലുള്ളത് പണം കൊടുത്ത് വാങ്ങിയ ഐഫോൺ ആണ്. സന്തോഷ് ഈപ്പൻ ഐഫോൺ നൽകിയിട്ടില്ല. പാർട്ടി നേതാക്കളെ അപഹസിക്കുന്നതിന്‍റെ ഭാഗമാണ് ഇത്തരം പ്രചാരണം. ബിനീഷിനെ കള്ളക്കേസിൽ പീഡിപ്പിക്കുകയാണെന്നും കോടിയേരി മീഡിയവണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.