തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആൻഡ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭ അംഗീകാരം നല്കി. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-39 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കുന്നത്.
സന്നിധാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മാനിച്ചാണ് ലേ ഔട്ട് പ്ലാന്‍. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണിത്. മകരവിളക്കിന്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ക്രൗഡ് മാനേജ്മെന്റിനെ പിന്തുണക്കുന്നതിനായി രണ്ട് ഓപണ്‍ പ്ലാസകളും ലേ ഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാനനപാതയിലൂടെയുള്ള തീർഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രക്കുതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയിലൂന്നിയാണ് ട്രക്ക് റൂട്ട് ലേ ഔട്ട് പ്ലാന്‍. ഇതോടൊപ്പം ഒരു എമര്‍ജന്‍സി വാഹന പാതയും ഉള്‍പ്പെടുത്തി. പരിസ്ഥിതി സംരക്ഷണാർഥം ട്രക്ക് റൂട്ടിന്റെ ഇരുവശത്തും ബഫര്സോണുമുണ്ടാകും.
പമ്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിന് 184.75 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപ ചെലവ് കണക്കാക്കുന്നു. ട്രക്ക് റൂട്ടിന്റെ വികസനത്തിനായി ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടി രൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പമ്പയുടെയും ട്രക്ക് റൂട്ടിന്റെയും വികസനത്തിനായി ലേ ഔട്ട് പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.