കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിനിടയായ വിഡിയോ ദൃശ്യങ്ങളുടെ പകർപ്പ് നിയുക്ത മേൽശാന്തിയുടെ അഭിഭാഷകന് നൽകണമെന്ന് ഹൈകോടതി. ചാനൽ, സി.സി ടി.വി ദൃശ്യങ്ങൾ വാട്സ്ആപ് മുഖേന നൽകാനാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
നിയുക്ത മേൽശാന്തി പി.എൻ. മഹേഷിനെ കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ കക്ഷിചേർക്കാൻ നിർദേശിക്കുകയും ചൊവ്വാഴ്ച അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹാജരാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിഡിയോ ദൃശ്യങ്ങൾ കൈമാറാൻ നിർദേശിച്ചത്. നറുക്കെടുപ്പിൽ ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹരജി നൽകിയത്. നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചാനൽ വാർത്തയിലെ ദൃശ്യങ്ങളാണ് ഹരജിക്ക് അടിസ്ഥാനം.
ശ്രീകോവിലിന് മുന്നിൽ നടന്ന നറുക്കെടുപ്പിന്‍റെ വിഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ചിരുന്നു. ദേവന്‍റെ പ്രതിനിധിയെന്ന നിലയിൽ പന്തളം രാജകുടുംബത്തിലെ കുട്ടി നറുക്കെടുത്ത ലോട്ട് ഉൾപ്പെടെ ചിലത് തുറന്ന നിലയിലായിരുന്നുവെന്നാണ് കണ്ടത്. എന്നാൽ, നറുക്കിട്ട ചെറുകുടം കുലുക്കിയപ്പോൾ ഇവ തുറന്നു പോയതാകാമെന്നാണ് കോടതിയുടെ നിഗമനം. ഇക്കാര്യം പരിശോധിക്കാൻ ശബരിമല സന്നിധാനത്തെ സി.സി ടി.വി ദൃശ്യങ്ങൾ ദേവസ്വം ബോർഡ് ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.