എരുമേലി: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിവാൻ നിയന്ത്രണംതെറ്റി എതിരെവന്ന കാറിന് മുകളിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്. തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകർ സഞ്ചരിച്ച വാനാണ് കർണാടകയിൽനിന്നുള്ള തീർഥാടകർ സഞ്ചരിച്ച കാറിന് മുകളിലേക്ക് മറിഞ്ഞത്.
കർണാടക സ്വദേശി ദർശൻ (23), തമിഴ്നാട് സ്വദേശികളായ ശങ്കർ (42), നാരായണൻ (53), സുന്ദരേശൻ (54), കുമരേശൻ (54), രാജേഷ് കുമാർ (39), ലോകേഷ് (30), നിതാക്ഷൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. കണമല അട്ടിവളവിൽ തിങ്കളാഴ്ച പുലർച്ച 2.30 ഓടെയാണ് അപകടം. ശബരിമലയിലേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ഉടൻ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതര പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. വാനിന്‍റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് കരുതുന്നു.
പമ്പ പാതയിൽ മണിക്കൂറോളം ഗതാഗതതടസ്സം ഉണ്ടായി. എരുമേലി, കാളകെട്ടി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷ സേനയും എരുമേലി പൊലീസും മോട്ടോർ വാഹനവകുപ്പും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.