തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയിൽ ഫോട്ടോ ഷൂട്ട് നടത്തിയ പൊലീസുകാർക്കെതിരെ നടപടി. 23 പൊലീസുകാരെ കണ്ണൂർ കെ.എ.പി-നാല് ക്യാമ്പിലേക്ക് നല്ലനടപ്പ് പരിശീലനത്തിനയച്ചു. സംഭവത്തിൽ വിശദ റിപ്പോർട്ട് പൊലീസ് വ്യാഴാഴ്ച ഹൈകോടതിയിൽ സമർപ്പിക്കും. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്പെഷൽ ഓഫിസർ കെ.ഇ. ബൈജുവിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തത്.
തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ 23 പൊലീസുകാരെയാണ് കണ്ണൂർ കെ.എ.പി നാലിലേക്ക് പരിശീലനത്തിനയക്കുന്നത്. തീവ്രപരിശീലനം നൽകണമെന്നാണ് എ.ഡി.ജി.പിയുടെ നിർദേശം. സംഭവത്തിൽ കോടതി ആവശ്യപ്പെട്ട വിശദ റിപ്പോർട്ട് പൊലീസ് വ്യാഴാഴ്ച നൽകും. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ ബാച്ച് പൊലീസുകാർ ഡ്യൂട്ടി പൂർത്തിയാക്കി ഇറങ്ങുംമുമ്പ് പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തത്. സമൂഹ മാധ്യമങ്ങളിലടക്കം സംഭവം വലിയ വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.