കോട്ടയം: ശബരിമല തീര്‍ഥാടകരുടെ പ്രധാനപാതയായ തൊടുപുഴ-പാലാ-പൊന്‍കുന്നം ഹൈവേ നിര്‍മാണം അവസാനഘട്ടത്തിലായതിനാല്‍ ഇത്തവണ തീര്‍ഥാടക വാഹനങ്ങള്‍ക്ക് സൗകര്യമാകും. ഹൈവേയുടെ ടാറിങ് ഏതാണ്ട് തീര്‍ന്നിട്ടുണ്ട്. വടക്കന്‍ ജില്ലക്കാര്‍ക്കും ഇതര സംസ്ഥാനക്കാരായ അയ്യപ്പ ഭക്തര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ദുരിതം ഇത്തവണ അനുഭവിക്കേണ്ടാത്തവിധം ദ്രുതഗതിയിലാണ് നിര്‍മാണം. മൂവാറ്റുപുഴയില്‍നിന്ന് തൊടുപുഴ-പാലാ-പൊന്‍കുന്നം-എരുമേലി വഴി ശബരിമലയില്‍ എത്തുന്നതിന് ഇനി ഏറെ സമയലാഭം ഉണ്ടാകും.
തീര്‍ഥാടകരുടെ പ്രധാന ഇടത്താവളങ്ങളായ പാലാ കടപ്പാട്ടൂര്‍, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിവരുന്നവര്‍ക്കും പാലാ-പൊന്‍കുന്നം വഴി എളുപ്പത്തില്‍ ശബരിമലയിലത്തൊം. തൊടുപുഴ കോലാനി മുതല്‍ മഞ്ഞക്കടമ്പ് വരെയും പാലാ ടൗണിലുമാണ് ഇനി വികസനം ബാക്കിയുള്ളത്.
റോഡിന്‍െറ വശങ്ങളില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. പൊന്‍കുന്നം മുതല്‍ പാലാ എത്തുന്നിടം വരെ റോഡില്‍ വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആകെ 1115 ലൈറ്റുകളാണ് 10 കോടി വകയിരുത്തി പൊന്‍കുന്നം മുതല്‍ തൊടുപുഴ വരെ സ്ഥാപിക്കുന്നത്. 40 മീറ്റര്‍ ദൂരം ഇടവിട്ടാണ് വിളക്ക് സ്ഥാപിക്കുന്നത്.
കോലാനി മുതല്‍ നടുക്കണ്ടം വരെയുള്ള ടാറിങ് കൂടി കഴിഞ്ഞാല്‍ വാഹനങ്ങളുടെ ദുരിതം ഈ റൂട്ടില്‍ അവസാനിക്കും. 2014 ജൂണില്‍ ആരംഭിച്ച നിര്‍മാണജോലി 30 മാസത്തിനകം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. ഈ കാലാവധി ഡിസംബര്‍ ഒമ്പതിന് അവസാനിക്കും.
റോഡിന്‍െറ വശങ്ങളില്‍ ക്രാഷ്ബാരിയര്‍, വയര്‍റോപ്പ് എന്നിവ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുന്നു. ലോകബാങ്കും സര്‍ക്കാറും ചേര്‍ന്ന് 290 കോടി ഹൈവേക്കായി ചെലവഴിച്ചിട്ടുണ്ട്. ഹൈവേ നിര്‍മാണത്തിനിടെ വെട്ടിപ്പൊളിച്ച ഇടറോഡുകളുടെ ടാറിങ്ങും ഇതോടൊപ്പം നടക്കും. ബാര്‍ മാര്‍ക്കിങ്, ദിശാബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കലും നടക്കുന്നു. റോഡ് വശങ്ങള്‍ ടാറിങ്ങിനൊപ്പം മണ്ണിട്ട് ഉയര്‍ത്തുന്ന ജോലികളും നടക്കുന്നു.
ആധുനിക രീതിയില്‍ 10 മീറ്റര്‍ ടാറിങ് നടത്തി ഏഴുമീറ്റര്‍ വീതിയില്‍ വാഹനഗതാഗതം സാധ്യമാകും വിധമാണ് നിര്‍മാണം. ഇരുവശങ്ങളിലുമായി ഒന്നരമീറ്റര്‍ വേര്‍തിരിച്ച് കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സൗകര്യം പാതയിലുണ്ടാകും. 2002ലാണ് നബാര്‍ഡ് പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാത ഏറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.