കൊച്ചി: കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ ക്രിസ്മസ് രാത്രിയിൽ പൊലീസിനെ ക്രൂരമായി അക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ എല്ലാവരും പ്രതികളല്ലെന്ന് കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ്. പൊലീസ് അറസ്റ്റ് ചെയ്തവരിൽ 23 പേർ മാത്രമാണ് പ്രതികൾ. മറ്റുള്ളവർ നിരപരാധികളാണെന്നും ഇവരെ ജയിലിലടച്ച പൊലീസിന്‍റെ നടപടി കൊടുംക്രൂരതയാണെന്നും സാബു എം. ജേക്കബ് ആരോപിച്ചു.
തന്നെയും കിറ്റെക്‌സിനെയും ഇല്ലാതാക്കാൻ പട്ടിണിപ്പാവങ്ങളെ തുറങ്കിലടക്കരുത്. നിരപരാധികളായ ഇതരസംസ്ഥാന തൊഴിലാളികളെ പിടിച്ച് ജയിലിലിട്ടത് പൊലീസിന്‍റെ കൊടും ക്രൂരതയാണ്. ഇവരെ തുറന്ന് വിടാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സാബു എം ജേക്കബ് പറഞ്ഞു.
വളരെ യാദൃശ്ചികമായ ആക്രമണമാണ് നടന്നത്. 164 പേർ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വെറും 23 പേർ മാത്രമാണ് പ്രതികൾ. മറ്റുള്ളവർ നിരപരാധികളാണ്. 984 പേരാണ് അവിടെ താമസിക്കുന്നത്. 485 പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്. മൂന്ന് ക്വാർട്ടേഴ്‌സുകളിലെ തൊഴിലാളികളെ പൊലീസ് കൊണ്ടുപോയി. ഹിന്ദിക്കാരെ മാത്രം പൊലീസ് തെരഞ്ഞെടുപിടിച്ചു. 10, 11, 12 ക്വാർട്ടേഴ്‌സിലുള്ളവർ മാത്രമാണ് കുറ്റക്കാരെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി. ഇവരാണ് പ്രതികളെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി.
നിയമം കയ്യിലെടുക്കാൻ കിറ്റെക്‌സ് മാനേജ്‌മെന്‍റ് ആരേയും അനുവദിക്കാറില്ല. ഇവിടെ സൂപ്പർവൈസർക്ക് പോലും തൊഴിലാളികളെ കണ്ടാൽ മനസ്സിലാകില്ല. പിന്നെങ്ങനെയാണ് പൊലീസുകാർക്ക് പ്രതികളെ മനസ്സിലായത്. ഒരു ദൃശ്യവും പൊലീസിന്‍റെ കയ്യിൽ തെളിവായില്ല. നിയമവിരുദ്ധമായി നീങ്ങുന്നവരെ സംരക്ഷിക്കാറില്ല. ഞങ്ങളുടെ അന്വേഷണത്തിൽ 164 പേരിൽ വെറും 23 പേർ മാത്രമാണ് യഥാർഥ പ്രതികൾ. 13 പേരെ തിരിച്ചറിഞ്ഞത് ഞങ്ങളുടെ കാമറയിൽ നിന്നാണ്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് നിരപരാധികളെ പ്രതികളാക്കിയതെന്ന് പൊലീസ് പറയണം -സാബു ആവശ്യപ്പെട്ടു.
കുടുംബത്തെ വിട്ട് ജോലിക്ക് വന്നവരാണ് പലരും. സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് ഇത് കൊണ്ടുപോകരുത്. കമ്പനി അടക്കാൻ ഞാൻ തയാറാണ്. അതാണ് നിങ്ങളുടെ ആവശ്യമെങ്കിൽ തുറന്ന് പറയണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
കിഴക്കമ്പലം (കൊച്ചി): കിറ്റെക്സ് ഗാര്‍മെൻറ്സ് കമ്പനിയിലെ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ലക്ഷ്യമിട്ടത് പൊലീസിനെ വധിക്കാനെന്ന് പ്രഥമവിവര റിപ്പോർട്ട്. എസ്.എച്ച്.ഒ അടക്കമുള്ളവരെയാണ് പ്രതികൾ വധിക്കാന്‍ ശ്രമിച്ചത്.
ഇതിനായി 50ലധികം പേർ സംഘടിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കല്ല്, മരവടി, മറ്റ് മാരകായുധങ്ങള്‍ എന്നിവ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. മനഃപൂര്‍വം സര്‍ക്കാറിന് നഷ്ടം വരുത്തുക എന്ന ഉദ്ദേശത്തോടെ പൊതുമുതല്‍ നശിപ്പിച്ചു. 162 പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. അഞ്ഞൂറോളം വരുന്ന സംഘമാണ് പൊലീസിനെ ആക്രമിച്ചതും പൊതുമുതല്‍ നശിപ്പിച്ചതും. മുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പൊലീസുകാരെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്. ഇതില്‍ ഗുരുതര ആരോപണം നേരിടുന്ന 50 പേരെയാണ് ഒന്നാംഘട്ടമെന്ന നിലയില്‍ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയത്. തിങ്കളാഴ്ച രാവിലെ 11ഓടെ 25 പേരെ കോടതിയില്‍ ഹാജരാക്കി വിയ്യൂര്‍ സെൻട്രല്‍ ജയിലിലേക്ക് മാറ്റി. ഉച്ചക്ക് 25 പേരെക്കൂടി ഹാജരാക്കി. സംഭവത്തിൽ രണ്ട് കേസുണ്ട്. കോടതിക്ക് മുന്നില്‍ പ്രതികള്‍ക്കെതിരെ നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായി. നിയമസഹായ വേദിയുടെ (കെല്‍സ) അഡ്വ. ഇ.എന്‍. ജയകുമാറാണ് പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.