കോഴിക്കോട്: ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി ചർച്ചക്ക് വിളിച്ചത് ന്യൂനപക്ഷങ്ങൾക്ക് അസംതൃപ്തിയുണ്ട് എന്ന് ബോധ്യപ്പെട്ടതിനാലാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. ഇതിന് എന്നോ തയാറാകേണ്ടതായിരുന്നെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് അസംതൃപ്തിയുണ്ട് എന്ന് പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹം ചർച്ചക്ക് വിളിച്ചത്. അത് നല്ല കാര്യമാണ്. ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റണം, അതാണ് ഭരണകൂടത്തിന്‍റെ ചുമതല. ഇതിന് എന്നോ തയാറാകേണ്ടതായിരുന്നു. മണിപ്പൂരിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും നിരന്തരമായി ക്രിസ്തീയ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. കലാപത്തിന്‍റെ ബുദ്ധിമുട്ട് ഇപ്പോഴും അവിടെ അവസാനിച്ചിട്ടില്ല -സാദിഖലി തങ്ങൾ പറഞ്ഞു.
രാജ്യത്ത് മുസ്‌ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ട്. വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അത് ഭരണകൂടത്തിന് ചേർന്നതല്ല. സർക്കാർ ആരുടെയും വിശ്വാസത്തെ ഇകഴ്ത്താൻ തയാറാകരുത് -അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ ഔദ്യോഗിക വസതിയിലാണ് പ്രധാനമന്ത്രിയുടെ വിരുന്ന് നടന്നത്. ക്രൈസ്തവ സഭ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.