മലപ്പുറത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ തോല്‍വിയുണ്ടാക്കിയ ആഘാതം  –മജീദ്​

മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തില്‍ സി.പി.എം നേതാക്കള്‍ക്ക് വിറളിപൂണ്ടിരിക്കുകയാണെന്നും ഇതാണ് മലപ്പുറത്തെ ഒന്നാകെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള കാരണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ചീട്ടിറക്കി നേട്ടം കൊയ്യാന്‍ ശ്രമിച്ചത് സി.പി.എമ്മാണ്. 

ഇതിെൻറ ഭാഗമായാണ് ഹൈദരലി തങ്ങളെ യോഗി ആദിത്യനാഥിനോട് ഉപമിച്ച് പ്രസ്താവന നടത്തിയത്. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നുവെന്ന് പ്രചരിപ്പിച്ച് ഭൂരിപക്ഷ പ്രീണനത്തിന് ശ്രമിച്ചതും സി.പി.എമ്മാണ്. ഇതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് മലപ്പുറത്ത് കിട്ടിയ വോട്ടുകള്‍ ഇത്തവണ സി.പി.എമ്മിന് ലഭിക്കാന്‍ കാരണം. ഇരുപാർട്ടികളുടെയും വോട്ടുനില പരിശോധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് തങ്ങളുടെ വിജയത്തിന് കാരണമെന്ന് സി.പി.എം പറഞ്ഞിരുന്നു. ഭരണം സമ്പൂര്‍ണമായി പരാജയപ്പെടുകയും ജനവിധി മറിച്ചാവുകയും ചെയ്തതോടെ തങ്ങള്‍ക്കെതിരെ വോട്ടുചെയ്തവരെല്ലാം വര്‍ഗീയവാദികളെന്ന് പറയുന്നതിലൂടെ സി.പി.എമ്മിെൻറ സംഘ്പരിവാര്‍ മുഖമാണ് കൂടുതല്‍ വ്യക്തമായതെന്നും കെ.പി എ മജീദ് കൂട്ടിച്ചേർത്തു.

വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയം -സാദിഖലി തങ്ങള്‍
 തെരഞ്ഞെടുപ്പിലെ പരാജയ കാരണമെന്തെന്ന് പഠിക്കാനും തിരുത്താനും തയാറാവാതെ വോട്ടുചെയ്തവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ കേന്ദ്രമാണെന്ന കടകംപള്ളി സുരേന്ദ്രെൻറ പ്രസ്താവനയോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. 

എന്നും മതേതര ചേരിക്കൊപ്പം നിന്ന ചരിത്രമാണ് മലപ്പുറത്തിനുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭരണ പരാജയമാണ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജനങ്ങളുമായി ചര്‍ച്ച ചെയ്തത്. എന്നാൽ, സംഘ്പരിവാര്‍ ശക്തികളെപ്പോലെ വര്‍ഗീയത ഇളക്കിവിട്ട് വോട്ടു പിടിക്കാനാണ് സി.പി.എം ശ്രമിച്ചത്. ഇതിനേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - sadiq ali thangal opinion about malapuram byelection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.