'മരണ ശേഷം ഒരാളെ ഓർക്കാൻ ഒന്നുകിൽ പുസ്തകം രചിക്കണം, അല്ലെങ്കിൽ മറ്റുള്ളവർക്ക് എഴുതാൻ പാകത്തിൽ ജീവിക്കണം'; വായന ദിന സന്ദേശവുമായി സാദിഖലി തങ്ങൾ

മലപ്പുറം: വായന ദിനത്തിൽ സമൂഹമാധ്യമത്തിൽ വായന സന്ദേശം പങ്കുവെച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വായനയുടെ നേട്ടങ്ങളും വായന സംസ്കാരം സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളിൽ നിലയുറപ്പിച്ചവരുമായ വ്യക്തികൾക്ക് ഒന്നിച്ചിരിക്കാൻ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകളെന്ന് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്‍റെ പൂർണ്ണരൂപം...

ജീവിത യാത്രയിൽ ഇരുട്ടകറ്റാൻ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങൾ. ലോകത്തിന്റെ ചിന്താഗതികൾ മാറ്റിമറിച്ചതിൽ പുസ്തകങ്ങൾക്ക് വലിയ പങ്കുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കർമോത്സകരാകാനുമുള്ള കരുത്തും ഉത്തമഗ്രന്ഥങ്ങൾക്കുണ്ട്.

മൺമറഞ്ഞ എഴുത്തുകാരും ദാർശനികരുമായ മഹാപ്രതിഭകളുടെ ചിന്തകളും സ്വപ്നങ്ങളും എന്താണെന്നറിയാൻ വായന മാത്രമാണ് കരണീയം.

മരണ ശേഷം ഒരാളെ ഓർക്കാൻ ഒന്നുകിൽ പുസ്തകം രചിക്കണം, അല്ലെങ്കിൽ മറ്റുള്ളവർക്ക് എഴുതാൻ പാകത്തിൽ ജീവിക്കണം എന്ന സന്ദേശവും കൂടിയാണ് ഗ്രന്ഥങ്ങൾ നമ്മോട് ആവശ്യപ്പെടുന്നത്.

വായനശാലകൾ സർവകലാശാലകൾക്ക് തുല്യം എന്നാണ് തോമസ് കാർലൈൻ അഭിപ്രായപെട്ടത്. ലോകത്ത് വായനശാലകളുടെ കണക്കെടുപ്പിൽ കേരളം ഏറെ മുൻപന്തിയിലാണ്. നാടാകെ ഗ്രന്ഥശാലകൾ സ്ഥാപിക്കാനും വായനയുടെ സംസ്കാരം പകരാനും ഓടി നടന്ന പി.എൻ. പണിക്കരുടെ സേവനങ്ങൾ അവിസ്മരണീയമാണ്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളിൽ നിലയുറപ്പിച്ചവരുമായ വ്യക്തികൾക്ക് ഒന്നിച്ചിരിക്കാൻ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകൾ.

ശ്വാസം നിലച്ചുപോകാതെ വയനാശാലകളെ പരിപോഷിപ്പിക്കേണ്ടത് പൊതു അജണ്ടയായി മാറണം. ലൈബ്രേറിയന്മാരുടെ തസ്തിക നികത്താൻ കഴിയാത്തതിനാൽ സ്കൂളുകളിലെ പുസ്തകങ്ങളിൽ പൊടിപിടിക്കുമോ എന്ന ആശങ്ക നിലവിലുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഗൗരവതരമാണ്.

വായന മരിക്കുന്നില്ല മറിച്ച് കടം കൊടുക്കേണ്ടി വരുമോയെന്നും മോഷണം പോകുമോ എന്നുമുള്ള ആശങ്കകൾ ഇല്ലാതെയും ഭാരം ചുമക്കേണ്ടതില്ല എന്ന സൗകര്യം ഉള്ളതിനാലും ഇ ബുക്കുകളിലേക്കുള്ള ഗതിമാറ്റമാണ് നടക്കുന്നത്.

അണയാ വിളക്കുകളായ പുസ്തകങ്ങളെ

ഉറ്റ ചങ്ങാതിമാരാക്കി മാറ്റാം.

Tags:    
News Summary - Sadiqali shihab thangal vayana dina facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.