ആറ്റിങ്ങൽ: മുതലപ്പൊഴി സുരക്ഷിത മത്സ്യബന്ധനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ സജീവമായി. പൊഴിയിൽ ഡ്രഡ്ജിങ് ആരംഭിച്ചു. നേരത്തേ പൊഴിമുഖത്ത് വീണുകിടന്ന കല്ലുകൾ മാറ്റുന്നതിന് ശ്രമം ആരംഭിച്ചിരുന്നു. അതിനുശേഷമാണ് ഈ ഭാഗത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ തുടങ്ങിയത്.
ഡ്രഡ്ജ് ചെയ്യുന്നതിനായി ദൈർഘ്യമേറിയ എക്സ്കവേറ്റർ, രണ്ടു രീതിയിലുള്ള ബാർജുകൾ എന്നിവ മുതലപ്പൊഴിയിൽ എത്തിച്ചു. മത്സ്യ യാനങ്ങൾക്ക് കടലിൽ പോയി വരുന്നതിന് തടസ്സം ഉണ്ടാക്കാത്ത വിധത്തിൽ ആണ് ഡ്രഡ്ജിങ് ജോലികൾ ക്രമീകരിച്ചത്. ഡ്രഡ്ജിങ്ങിനു ശേഷം പൊഴിമുഖത്തു സ്ഥാപിക്കേണ്ട നാവിഗേഷൻ ബോയകൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമിച്ചു മുതലപ്പൊഴിയിൽ എത്തിച്ചു. ഡ്രഡ്ജിങ് പൂർത്തിയായ ശേഷം ഇത് പൊഴിമുഖത്ത് മത്സ്യയാനങ്ങൾക്ക് വഴികാട്ടും വിധം സ്ഥപിക്കും.
അശാസ്ത്രീയമായ നിർമാണപ്രവൃത്തികളുടെ ഫലമായി മുതലപ്പൊഴി തുറമുഖത്തു മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ജൂലൈ 31നു മത്സ്യബന്ധന മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാന പ്രകാരമാണ് ജോലികൾ ചെയ്യുന്നത്. തെക്കേ പുലിമുട്ടിൽ ഗൈഡ് ലൈറ്റ് സ്ഥാപിച്ചു കഴിഞ്ഞു. ഇത് മത്സ്യയാനങ്ങൾക്ക് വഴികാട്ടി ആകും.
2021 ലെ ടാക്ടെ ചുഴലിക്കാറ്റിൽ തകർന്ന തെക്കേ പുലിമുട്ടിലെ കല്ലുകളും ടെട്രാപോഡുകളും അഴിമുഖത്തു അടിഞ്ഞുകൂടുകയും മത്സ്യയാനങ്ങൾക്ക് അപകടമാകും വിധം തടസ്സം സൃഷ്ടിക്കുകയും ആയിരുന്നു. ഇതു നീക്കം ചെയ്യാൻ 2023 മാർച്ചിൽ ഹാർബർ എൻജിനീയറിങ് വകുപ്പ് ടെൻഡർ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് മന്ത്രിതല യോഗത്തിലെ നിർദേശ പ്രകാരം അദാനി ഗ്രൂപ് ആദ്യം ഒരു മധ്യനിര ലോങ് ബൂം ക്രെയിൻ വിന്യസിച്ചു. തുടർന്ന് 210 അടി നീളമുള്ള ക്രെയിൻ കൂടി ലഭ്യമാക്കി. അഴിമുഖത്തുണ്ടായിരുന്ന 700 ഓളം കല്ലുകളും 140 ഓളം ടെട്രാപോഡുകളും നീക്കം ചെയ്തു. വളരെ ഭാരമേറിയ ഈ ക്രെയിനുകൾ എത്തിക്കാൻ 7.5 മീറ്റർ വീതിയിൽ റോഡ് നിർമാണവും നടത്തി.
ഏഴ് ട്രെയിലറുകളിലായി തൂത്തുക്കുടിയിൽനിന്ന് എത്തിച്ച ക്രെയിൻ ഘടകങ്ങൾ വളരെ ശ്രമകരമായ ദൗത്യങ്ങൾക്കൊടുവിലാണ് പ്രവർത്തന സജ്ജമാക്കിയത്. ഇതോടുകൂടി പൊഴിയെ 2021 മുതൽ ബാധിച്ച പ്രധാന പ്രശ്നത്തിന് പരിഹാരമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.