കൊച്ചി: തനിക്കെതിരെ മൊഴി നൽകിയ നാല് അഭിഭാഷകർക്കെതിരെ അന്വേഷണം വേണമെന്ന് ഹൈകോടതി ജഡ്ജിമാരുടെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂർ ബാർ കൗൺസിലിനോട് ആവശ്യപ്പെട്ടു. ആരോപണത്തെ തുടർന്ന് വിശദീകരണം തേടി ബാർ കൗൺസിൽ നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് സൈബിയുടെ ആവശ്യം.
തെറ്റ് ചെയ്തിട്ടില്ലെന്നും തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്നുമാണ് വിശദീകരണത്തിൽ പറയുന്നത്. സൈബിയുടെ വിശദീകരണം ബാർ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തശേഷമാകും തുടർ നടപടികളുണ്ടാവുക.
സൈബിക്കെതിരായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ഹൈകോടതിയിലെ ചില അഭിഭാഷകർ കേന്ദ്ര നിയമമന്ത്രിക്ക് നൽകിയ പരാതി തുടർ നടപടിക്കായി കേരള ബാർ കൗൺസിൽ ചെയർമാന് അയച്ചിരുന്നു. വിജിലൻസ് രജിസ്ട്രാർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഹൈകോടതി ഫുൾകോർട്ട് യോഗം സൈബിക്കെതിരെ അന്വേഷണത്തിന് ഡി.ജി.പിയോട് നിർദേശിക്കുകയും ചെയ്തതിനെ തുടർന്നാണ് ബാർ കൗൺസിൽ നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.