‘പുകവലി മഹാഅപരാധമാണോ? പ്രതിഭ എം.എൽ.എയുടെ മകനെതിരായ കേസ് പുകവലിച്ചതിന്’ -മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരെ പുകവലിച്ചതിനാണ് കേസെടുത്തതെന്നും പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നും മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. ഇന്നലെ കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയിൽ പ്രതിഭയെ വേദിയിലിരുത്തിയായിരുന്നു സജി ചെറിയാന്റെ പ്രസംഗം. താനും ജയിലിൽ കിടന്നപ്പോൾ പുകവലിക്കാറുണ്ടായിരുന്നുവെന്നും അന്തരിച്ച എഴുത്തുകാരൻ എം.ടി വാസുദേവൻ നായരും പുക വലിക്കാറുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

‘കുട്ടികൾ കൂട്ടം കൂടില്ലേ.. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്‌തെന്ന് എഫ്‌ഐആറിലില്ല. പുകവലിച്ചു എന്നാണ് അതിലുള്ളത്. ഞാനും വല്ലപ്പോഴുമൊക്കെ പുക വലിക്കുന്ന ആളാണ്. പണ്ട് ജയിലിൽ കിടന്നപ്പോൾ വലിച്ചിരുന്നു. എം.ടി വാസുദേവൻ നായർ കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു. അതു ചിലരുടെ ശീലമാണ്’ -അദ്ദേഹം പറഞ്ഞു.

‘നമ്മുടെ കുഞ്ഞുങ്ങൾ വർത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. നമ്മളെല്ലാം കുഞ്ഞുങ്ങളായി വന്നതല്ലേ. ഓരോരുത്തരും അവർ കാണിച്ചുവച്ചത് കൂട്ടിവച്ചാൽ എത്ര പുസ്തകമാക്കാൻ പറ്റും? കൊച്ചുകുട്ടികളല്ലേ, അവർ കമ്പനിയടിക്കുകയും വർത്തമാനം പറയുകയും ചെയ്യും. ചിലപ്പോൾ പുകവലിച്ചെന്നുമിരിക്കും. അതിനെന്താണ്? വലിച്ചതു ശരിയാണെന്നല്ല. ചെയ്തിട്ടുണ്ടെങ്കിൽ തെറ്റാണ്’ -മന്ത്രി പറഞ്ഞു.

140 എംഎൽഎമാരിൽ ഏറ്റവും മികച്ചയാളാണ് പ്രതിഭ എന്നും അദ്ദേഹം പ്രശംസിച്ചു. പ്രതിഭയെ ബിജെപി നേതാക്കൾ പാർട്ടിയിലേക്കു ക്ഷണിച്ചതിനെ മന്ത്രി സജി ചെറിയാൻ പരിഹസിക്കുകയും ചെയ്തു.

Tags:    
News Summary - saji cheriyan against excise in prathibha mla son's case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.