കൊച്ചി: ‘‘ഒരുപാട് നഷ്ടങ്ങൾ ഞങ്ങൾക്കുണ്ടായിട്ടുണ്ട്. എന്റെ ഒന്നാം പിറന്നാളിന് ഉപ്പ എന്റെ കൂടെയില്ല. ഇപ്പോൾ 25ാം പിറന്നാളിനും ഉപ്പ കൂടെയില്ല. ആദ്യമായി സ്കൂളിൽ ചേർക്കുമ്പോഴോ അഭിഭാഷകനായി മാറുന്ന ഈ വേളയിലോ ഉപ്പ കൂടെയില്ല’’ -അബ്ദുന്നാസിർ മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു. കോയമ്പത്തൂർ സ്ഫോടനക്കേസിൽ അബ്ദുന്നാസിർ മഅ്ദനിയെ അറസ്റ്റ് ചെയ്യുമ്പോൾ ഇളയ മകൻ സലാഹുദ്ദീൻ അയ്യൂബിക്ക് 10 മാസം പ്രായമാണ്. നീതിനിഷേധം പിതാവിമേൽ വിചാരണത്തടവിന്റെ രൂപത്തിൽ പെയ്തിറങ്ങിയപ്പോൾ വർഷങ്ങളോളം അവന്റെ ജീവിതം ഉമ്മ സൂഫിയക്കും സഹോദരൻ ഉമറിനൊപ്പം ജയിലിലെ സന്ദർശനമുറികളിലും കോടതി മുറികളിലുമായി മാറി.
പ്രിയപ്പെട്ടവരുമായി നടക്കേണ്ട പ്രായത്തിൽ അവൻ കേട്ടത് നിയമപുസ്തകങ്ങളിലെ പദാവലികളായിരുന്നു. 10 മാസമായപ്പോൾ ജയിലിലായ പിതാവ് തനിക്ക് 10 വയസ്സുള്ളപ്പോൾ നിരപരാധിയായി തിരിച്ചുവരുന്നതിനും ആ ഇടവേളയിൽ മാതാവ് സൂഫിയ ജയിലിലാകുന്നതും വീണ്ടും 14 വയസ്സുള്ളപ്പോൾ ബാംഗ്ലൂർ കേസുമായി ബന്ധപ്പെടുത്തി പിതാവിനെ ജയിലിലാക്കുന്നതുമെല്ലാം തെല്ലൊന്നുമല്ല അയ്യൂബിയെ ഉലച്ചത്. ബാല്യത്തിലും കൗമാരത്തിലുമെല്ലാം കണ്ടുവളർന്ന ഇത്തരം അനുഭവങ്ങളുടെ കരുത്തുമായാണ് സലാഹുദ്ദീൻ അയ്യൂബിയുടെ പുതുനിയോഗം.
ചൂണ്ടി ഭാരത മാത കോളജ് ഓഫ് ലീഗൽ സ്റ്റഡീസിൽനിന്ന് ഉയർന്ന മാർക്കോടെ നിയമബിരുദം പാസായാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. പിതാവിന്റെ നീണ്ട ജയിൽ വാസവും നിയമനടപടികളുടെ നൂലാമാലകളും സൃഷ്ടിച്ച പ്രതിബന്ധങ്ങളും പലപ്പോഴും ഈ വിദ്യാർഥിക്ക് മുന്നിൽ വില്ലനായി വന്നു. തേവക്കൽ വിദ്യോദയ സ്കൂളിലെ എൽ.കെ.ജി പഠനവും നിലമ്പൂർ പി.വി.എസിലെ യു.കെ.ജി, ഒന്നാം ക്ലാസ് പഠനവും പിന്നീട് ഒമ്പത്, 10 ക്ലാസുകളിൽ നിലമ്പൂർ പി.വി.എസിൽ കിട്ടിയ ക്ലാസുകളും മാത്രമാണ് നിയമപഠനത്തിന് മുന്നേ അയ്യൂബിക്ക് സുരക്ഷിതമായി കിട്ടിയ പഠന കാലയളവെന്ന് പിതാവ് അബ്ദുന്നാസിർ മഅ്ദനി പറയുന്നു. ഭീകരവാദിയുടെ മകൻ എന്ന ലേബൽ പതിച്ചുകിട്ടിയതോടെ വിദ്യ തേടിയെത്തിയ പല സ്ഥാപനങ്ങളിൽ നിന്നുമുണ്ടായ തിക്താനുഭവങ്ങളും ഏറെയുണ്ട്. ഇത്തരം പ്രതിബന്ധങ്ങളെയും പിതാവിന്റെ ആശുപത്രിവാസവും നിയമക്കുരുക്കുകളും എല്ലാം മറികടന്നാണ് ഓരോ കോഴ്സുകളും വിജയിച്ചെടുത്തത്. കണ്ടും കേട്ടും വായിച്ചുമറിഞ്ഞ നിയമ പുസ്തകങ്ങളിലെ അറിവുകൾ പതിറ്റാണ്ടുകളായി നീതിതേടി അലയുന്ന പിതാവിനും സഹപീഡിതർക്കുമായി വിനിയോഗിക്കുകയാണ് ലക്ഷ്യം.
ട്രാൻസ്ജെൻഡർ പത്മ ലക്ഷ്മി ഉൾപ്പെടെ 1529 പേരാണ് ഞായറാഴ്ച അഭിഭാഷകരായി എൻറോൾ ചെയ്തത്. കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഹൈകോടതി ജഡ്ജിമാരായ ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് കെ. ബാബു, ജസ്റ്റിസ് സി.എസ്. സുധ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.