കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഒരേ തസ്തികയിൽ രണ്ടു പേർക്ക് ശമ്പളവും പെൻഷനും നൽകുന്നതിനെതിരെ ചാൻസലർക്ക് പരാതി. നിലവിൽ കലാമണ്ഡലം വി.സിയായ ഡോ. ടി.കെ. നാരായണൻ സംസ്കൃത പ്രഫസർ നിയമനത്തിൽ മുമ്പ് നടത്തിയ ക്രമക്കേടാണ് രണ്ടുപേർക്ക് ഒരേ തസ്തികയിൽ ശമ്പളം നൽകേണ്ടി വരുന്നതെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ഗവർണർക്കയച്ച കത്തിൽ പറയുന്നു. 1987ലെ വിജ്ഞാപനപ്രകാരം കാലിക്കറ്റിലെ സംസ്കൃത വിഭാഗം പ്രഫസർ നിയമനത്തിന് തയാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് കൊല്ലം സ്വദേശി ഡോ. ബി. കരുണാകരനായിരുന്നു.
അതേ അഭിമുഖത്തിൽ ഇപ്പോഴത്തെ കലാമണ്ഡലം വി.സി ടി.കെ. നാരായണനും പങ്കെടുത്തിരുന്നു. ഇദ്ദേഹം അംഗമായ സിൻഡിക്കേറ്റ് ഡോ. ബി. കരുണാകരന് നിയമനം നൽകാൻ വിസമ്മതിച്ചു. 1990ൽ ബി. കരുണാകരനെ നിയമിക്കാൻ ഗവർണർ ഉത്തരവിട്ടെങ്കിലും സിൻഡിക്കേറ്റ് അവഗണിച്ചു. 1997ൽ വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കുകയും തുടർന്ന് നടന്ന അഭിമുഖത്തിൽ ഡോ. ടി.കെ. നാരായണനെ നിയമിക്കാൻ ഇടതുപക്ഷ സിൻഡിക്കേറ്റ് തീരുമാനിക്കുകയും ചെയ്തു. അതിനെതിരെ നൽകിയ ഹരജിയിൽ കരുണാകരന് നിയമനം നൽകണമെന്നും ടി.കെ. നാരായണനെ ഒഴിവാക്കണമെന്നും കേരള ഹൈകോടതിയും ഗവർണറും ആവശ്യപ്പെട്ടു. പക്ഷേ, സിൻഡിക്കേറ്റ് വീണ്ടും വിസമ്മതിച്ചു. തുടർന്ന് ടി.കെ. നാരായണൻ നൽകിയ ഹരജിയിൽ രണ്ടുപേർക്കും ശമ്പളവും പെൻഷനും നൽകാൻ ഹൈകോടതി ഉത്തരവിട്ടു.
ഇതനുസരിച്ചാണ് ഒരു തസ്തികയിൽ രണ്ടു പേർക്ക് ശമ്പളം നൽകേണ്ടി വന്നതെന്ന് പരാതി കത്തിൽ പറയുന്നു. സർവകലാശാലക്ക് വന്ന അധികബാധ്യത തിരിച്ചുപിടിക്കണമെന്നും രാഷ്ട്രീയ ഇടപെടലുകളും വസ്തുതകളും പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഡോ. പി. റഷീദ് അഹമ്മദ് പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.