ആലപ്പുഴ: താൽക്കാലികക്കാരെ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്തുന്നത് ഹൈകോടതി മരവിപ്പിച്ചിരിക്കെ, സ്ഥിരം ജീവനക്കാരുടെ സമാന തസ്തികയിൽ നിലവിലുള്ള സ്കെയിലിൽ ഇത്തരക്കാർക്ക് ശമ്പളം നൽകുന്നതിന് സർക്കാർ രംഗത്ത്. സാക്ഷരത മിഷനിലടക്കം ഇതിന് നടപടികൾ പൂർത്തിയായി. സാക്ഷരത മിഷനിൽ പത്തുവർഷം പൂർത്തിയായെന്ന പേരിൽ സ്ഥിരം നിയമനം നൽകി ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഇവർക്ക് സർക്കാർ സ്കെയിൽ പ്രകാരം ശമ്പളം നൽകുന്നത്.
നിയമപരമായ പ്രശ്നങ്ങളുണ്ടായാൽ അധികമായി നൽകിയ തുക തിരിച്ചടച്ചുകൊള്ളാമെന്ന വ്യവസ്ഥ അംഗീകരിച്ച് ജീവനക്കാർ നൽകുന്ന സത്യവാങ്മൂലം കൈപ്പറ്റിയാണ് ശമ്പള ബിൽ തയാറായിട്ടുള്ളത്. G.O.(MS)NO59/2021/GEDN നമ്പറായി 15/02/2021നാണ് സാക്ഷരത മിഷനിലെ 74 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്.
ഇതിെൻറ ചുവടുപിടിച്ചാണ് സ്ഥിരം ജീവനക്കാരുടെ വേതനത്തോടെ മാർച്ചിലെ ബിൽ തയാറാക്കിയത്. ഫെബ്രുവരി 28 വരെയുള്ളത് അരിയർ ആയും മാർച്ച് 31 വരെയുള്ളത് കഴിഞ്ഞമാസത്തെ വേതനമായുമാണ് ബിൽ. സാക്ഷരത മിഷനിലെ സ്ഥിരപ്പെടുത്തൽ പട്ടികയിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി നിലനിൽക്കെയാണ് ഇതേ ലിസ്റ്റിൽനിന്ന് സ്ഥിര നിയമനവും പുതുക്കിയ ശമ്പളവും.
മുടങ്ങാതെ പത്തുവർഷമായി ജോലി ചെയ്തവർക്ക് നിയമനം നൽകുന്നതിനാണ് സാക്ഷത മിഷൻ ചെയർമാൻ കൂടിയായ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിെൻറ അധ്യക്ഷതയിൽ എക്സിക്യൂട്ടിവ് യോഗം ചേർന്ന് തീരുമാനമെടുത്തത്.
2020 ആഗസ്റ്റ് 27ാം തീയതിയിലെ ഈ തീരുമാനം പരിഗണിച്ചാണ് സ്ഥിരപ്പെടുത്തലെന്ന് ഉത്തരവിലുണ്ട്. രാഷ്ട്രീയതാൽപര്യം നോക്കിയാണ് പട്ടിക തയാറാക്കിയതെന്നും ആരോപണമുണ്ട്. താൽപര്യമുള്ള മറ്റ് ചിലർക്കുകൂടി പത്തുവർഷം തികക്കാൻ വൈകിച്ചതിനാലാണ് നിയമന ഉത്തരവ് കഴിഞ്ഞ 15 വരെ നീണ്ടതെന്നും പരാതിയുണ്ട്.
32,300-68,700 ആണ് കോഓഡിനേറ്റർമാരുടെ ശമ്പള സ്കെയിൽ. അസി. കോഓഡിനേറ്റർമാരുടേത് 29,200-42,500ഉം. ഓഫിസ് അസിസ്റ്റൻറുമാരുടേത് 18,000-29,900, ഡ്രൈവറുടേത് 17,000-29,900 എന്നിങ്ങനെയാണ് സ്കെയിൽ. ജില്ല പ്രോജക്ട് കോഓഡിനേറ്റർ, അസി. പ്രോജക്ട് കോഓഡിനേറ്റർ, അസി. കോഓഡിനേറ്റർ, ഓഫിസ് അസിസ്റ്റൻറ്, ഓഫിസ് അസിസ്റ്റൻറ്-കം കമ്പ്യൂട്ടർ ഓപറേറ്റർ, ഡ്രൈവർ തസ്തികകളിലാണ് നിയമനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.