തിരുവനന്തപുരം: 2 ജി സ്പെക്ട്രം കേസില്‍ അന്നത്തെ സി.എ.ജി വിനോദ് റായ് ക്ഷമാപണം നടത്തിയതോടെ രണ്ടാം യു.പി.എ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ വലിയ ഗൂഢാലോചനയാണ് പുറത്തുവന്നതെന്ന് കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സല്മാന് ഖുര്‍ഷിദ്.
അന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച നരേന്ദ്ര മോദിയും വിനോദ് റായിയും രാജ്യത്തോട് ക്ഷമാപണം നടത്തണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
ഗൂഢാലോചനയില്‍ അന്ന് പങ്കെടുത്തവര്‍ക്കെല്ലാം പിന്നീട് ഉന്നതപദവികള്‍ ലഭിച്ചതിനാൽതന്നെ കാര്യങ്ങള്‍ വ്യക്തമാണ്. വിനോദ് റായി കേന്ദ്രമന്ത്രിയുടെ പദവിയുള്ള ബാങ്കിങ് റിക്രൂട്ട്മെൻറ് ബോര്‍ഡ് ചെയര്‍മാനായി. ജനറല്‍ വി.കെ. സിങ് രണ്ടുതവണ ബി.ജെ.പി എം.പിയും ഏഴുവര്‍ഷമായി കേന്ദ്രമന്ത്രിയുമാണ്.
കിരണ്‍ ബേദി പുതുച്ചേരി ഗവര്‍ണറായി. ബാബാ രംദേവ് സഹസ്രകോടികളുടെ സംരംഭകനായി. നിരവധി സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന് സൗജന്യ നിരക്കില്‍ ഭൂമി ലഭിച്ചു. അണ്ണാ ഹസാരെ മോദിക്കെതിരേ ശബ്ദിക്കാതെ നിശ്ശബ്ദനായി കഴിയുന്നു.
അരവിന്ദ് െകജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായപ്പോള്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി.
1.76 ലക്ഷം കോടി രൂപയുടെ വലിയൊരു ആരോപണം കെട്ടിപ്പൊക്കിയ ഇവരെല്ലാം നേട്ടങ്ങള്‍ കൊയ്തപ്പോള്‍, ടെലികോം മേഖലയില്‍ ഇന്ത്യയുടെ കുതിപ്പാണ് നിലച്ചത്. 2 ജി സ്പെക്ട്രം കേസിലെ കുറ്റപത്രം വളരെ ആസൂത്രിതമാണെന്നാണ് സ്പെഷല്‍ ജഡ്ജ് വിശേഷിപ്പിച്ചതെന്നും സല്മാന് ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.