കോഴിക്കോട്: സമസ്തയിലെ ലീഗ്വിരുദ്ധരുമായി ഒത്തുതീർപ്പിനില്ലെന്ന നിലപാടിലുറച്ച് മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. ലീഗ് ജന. സെക്രട്ടറി പി.എം.എ. സലാമിനെതിരായ സമസ്തയിലെ ഒരു വിഭാഗത്തിന്റെ പടയൊരുക്കത്തിനെതിരെ ശക്തമായ സന്ദേശം നൽകുന്നതായിരുന്നു ഇതുസംബന്ധിച്ച തങ്ങളുടെ പ്രതികരണം.
തട്ടം വിവാദത്തിൽ പി.എം.എ. സലാമിന്റെ പരോക്ഷ വിമർശനം കുത്തിപ്പൊക്കി ലീഗിനെ വെട്ടിലാക്കാനുള്ള ശ്രമം, നേരത്തേതന്നെ സമസ്തയിലെ ഒരുവിഭാഗം നടത്തുന്ന ലീഗ്വിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് തങ്ങൾ വിലയിരുത്തിയത്. സമസ്തയുടെ പോഷകസംഘടന നേതാക്കൾ ഒപ്പിട്ട് സലാമിനെതിരെ നൽകിയ പരാതി മുഖവിലക്കെടുക്കാൻപോലും സാദിഖലി തങ്ങൾ തയാറാകാതിരുന്നത് അതുകൊണ്ടാണ്. ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കും സാദിഖലി തങ്ങൾക്കും നൽകിയ പ്രതിഷേധക്കത്ത് രണ്ടുപേരും കാണുന്നതിനുമുമ്പ് മാധ്യമങ്ങൾക്ക് നൽകിയതിലെ രോഷവും തങ്ങളുടെ വാക്കുകളിൽ പ്രകടം.
സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അനുമതിയോടെയാണ് പി.എം.എ. സലാമിനും ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായിക്കുമെതിരായ പരാതി അയച്ചതെന്നാണ് പ്രതിഷേധക്കത്തിന് മുൻകൈയെടുത്ത നേതാക്കൾ പറയുന്നത്. കത്ത് കുഞ്ഞാലിക്കുട്ടിക്കും തങ്ങൾക്കും അയക്കുന്നതിനായി കോഴിക്കോട്ടെ മുസ്ലിം ലീഗ് ഓഫിസ് സെക്രട്ടറിയെയാണ് ഏൽപിച്ചതെന്നും അപ്പോൾതന്നെ ഇ-മെയിൽ വഴി അയച്ചതായി സെക്രട്ടറി അറിയിച്ചെന്നും ഈ വിഭാഗം നേതാക്കൾ വ്യക്തമാക്കുന്നു.
മാധ്യമങ്ങളിലൂടെ വിവരം അറിയിക്കുകയായിരുന്നെങ്കിൽ കത്തിൽ ഒപ്പിടില്ലായിരുന്നുവെന്ന സൗദി എസ്.ഐ.സി നാഷനൽ കമ്മിറ്റി ഭാരവാഹികളുടെ ശബ്ദസന്ദേശം സമസ്ത വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുമുണ്ട്.
സമസ്തയുടെ ഉത്തരവാദപ്പെട്ട നേതാക്കളാരും ഇക്കാര്യത്തിൽ തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നാണ് സാദിഖലി തങ്ങൾ വ്യക്തമാക്കിയത്. എന്നാൽ, പി.എം.എ. സലാമിന്റെ വിവാദ പരാമർശത്തിനെതിരെ മട്ടാഞ്ചേരിയിൽ നടന്ന നബിദിന സമ്മേളനത്തിൽ ജിഫ്രി തങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു.
ഭരിക്കുന്നത് യു.ഡി.എഫായാലും എൽ.ഡി.എഫായാലും രാജ്യം ഭരിക്കുന്നവരായാലും സംസ്ഥാനം ഭരിക്കുന്നവരായാലും സമസ്ത അവരുമായി സൗഹൃദബന്ധം സ്ഥാപിക്കുമെന്നും കഴിഞ്ഞകാല പണ്ഡിതരും അങ്ങനെ പ്രവർത്തിച്ചിട്ടുണ്ടെന്നും ഇതിനെ ആക്ഷേപിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു തങ്ങൾ പറഞ്ഞത്. സമസ്തയിലെ ഒരുവിഭാഗം നൽകിയ പരാതിയും ജിഫ്രി തങ്ങളുടെ പരോക്ഷ വിമർശനവും മുഖവിലക്കെടുക്കാതെ സാദിഖലി തങ്ങൾ നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലെ പ്രശ്നങ്ങൾ പുതിയ തലങ്ങളിൽ എത്തുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സമസ്തയെയും ലീഗിനെയും അകറ്റി മുതലെടുക്കാനുള്ള സി.പി.എം കരുനീക്കമാണ് പ്രശ്നങ്ങൾക്കു പിന്നിലെന്നും നേരത്തേതന്നെ സി.പി.എമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന മുക്കം ഉമർ ഫൈസിയെപ്പോലുള്ള നേതാക്കൾ ഇതിന് എരിവ് പകരുകയാണെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.