പനമരം: കഴിഞ്ഞ പ്രളയത്തിൽ നദികളിൽ അടിഞ്ഞുകൂടിയ മര അവശിഷ്ടങ്ങളും എക്കലും നീക്കംചെയ്യാനുള്ള ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിെൻറ മറവിൽ കോടികളുടെ മണൽക്കൊള്ളയെന്ന് പരാതി. കബനി നദിയുടെ പനമരം പഞ്ചായത്തിലൂടെ ഒഴുകുന്ന 25 കടവുകളിൽനിന്ന് ശേഖരിച്ച 2500 ലധികം ടിപ്പർ മണൽ വയനാടിെൻറ വിവിധ പ്രദേശങ്ങളിലും കോഴിക്കോട് കുറ്റ്യാടി ഭാഗത്തും സംഭരിച്ചതായി വയനാട് പ്രകൃതി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. മണൽക്കൊള്ളയെ കുറിച്ച് ഉന്നതതല അന്വേഷണം വേണം.
ടിപ്പർ മണലിന് 15,000 രൂപയാണ് വിപണി വില. ഇങ്ങനെ വിൽപന നടത്തുേമ്പാൾ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നത്. പനമരം പഞ്ചായത്ത് സെക്രട്ടറിയുടെയും ഭരണസമിതിയുടെയും ജില്ല അധികൃതരുടെയും ഒത്താശയോടെയാണ് മണൽക്കൊള്ളയെന്ന് സമിതി ആരോപിച്ചു. ജൂൺ ഒന്നു മുതൽ 15 വരെയായിരുന്ന കാലാവധി പനമരം പഞ്ചായത്ത് ഭരണസമിതി പുനർലേലമില്ലാതെ ജൂൺ 30 വരെ നീട്ടി. ഏതാണ്ട് ഒരുകോടി രൂപക്കാണ് 25 കടവുകൾ ലേലം ചെയ്തത്.
അടുത്തിടെ സംസ്ഥാനത്തെ നദികളിലെ മണൽ ഓഡിറ്റിങ് നടത്തിയ വിദഗ്ധ കമ്മിറ്റി കബനി നദിയിൽനിന്ന് ഖനനം പാടില്ലെന്ന് ശിപാർശ നൽകുകയും സർക്കാർ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ, കുറ്റ്യാടി, പെരുമ്പാവൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള മുങ്ങൽ വിദഗ്ധരും കർണാടകയിൽനിന്നുള്ള തൊഴിലാളികളുമടക്കം 500 പേർ മണൽവാരാൻ രംഗത്തുണ്ട്. 50 ടിപ്പറുകളും നാടൻവള്ളങ്ങളും 10 ഫൈബർ ബോട്ടുകളും മണ്ണുമാന്തി യന്ത്രങ്ങളും 1500 ലധികം ലോഡ് മണൽ ഖനനം ചെയ്ത് കടത്തി.
പുഴത്തീരങ്ങളിലെ ജൈവവൈവിധ്യവും ഉറച്ച മൺതിട്ടയും ഇടിച്ചുനിരത്തി റോഡുകൾ നിർമിച്ചിട്ടുണ്ട്. ഫൈബർ വള്ളങ്ങളിൽ മോട്ടോറുകൾ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടിൽ നിന്നും നൂറുകണക്കിന് ടിപ്പർ മണൽ പമ്പ് ചെയ്തു എടുത്തുവരുകയാണ്. കബനിയിലെ മണൽ കൊള്ളയിൽ ജില്ല ദുരന്തനിവാരണ സമിതിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സമിതി പ്രസ്താവനയിൽ പറഞ്ഞു.
നദികളിലെ എക്കൽ നീക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയാൽ നദികളുടെ സർവനാശവും മരണവുമായിരിക്കും ഫലമെന്ന് സമിതി നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. തൊഴിലുറപ്പു പദ്ധതിയിലൂടെ മാത്രമേ നീക്കം ചെയ്യാവൂയെന്ന് പ്രകൃതി സംരക്ഷണ സമിതി ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ല. മണൽക്കൊള്ള നിർത്തണമെന്നും കൊള്ള ചെയ്ത മണൽ പിടിച്ചെടുക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടികൾ ഉണ്ടാകണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, എം. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.