ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ നടത്തുന്നത് മുൻ നിലപാടിൽനിന്നുള്ള വലിയ മലക്കംമറിച്ചിൽ. കരിമണൽ ഖനനം തീരദേശത്തിന്റെ നാശത്തിന് വഴിയൊരുക്കുമെന്നും അതിനാൽ ഒരുകാരണവശാലും ഖനനം പാടില്ലെന്നുമാണ് 2005ൽ എഴുതിയ പുസ്തകത്തിൽ അദ്ദേഹം പറയുന്നത്. എന്നാൽ, ആരെതിർത്താലും ഖനനവുമായി മുന്നോട്ടുപോകുമെന്നാണ് നവകേരള സദസ്സിനെത്തിയ ആലപ്പുഴയിൽ പറഞ്ഞത്.
പിണറായി എഴുതിയ ‘ഇടതുപക്ഷം ചെയ്യേണ്ടത്’ എന്ന പുസ്തകത്തിൽ ‘കടൽമണൽ ഖനനം പുതിയ കടൽകൊള്ള’എന്ന ലേഖനത്തിൽ പറയുന്നതിങ്ങനെ: ‘‘കരയിൽനിന്ന് മൂന്നുനാലു കി.മീ. വരെ മണ്ണും മണലും ചളിയും കോരിയെടുത്താൽ, പത്തുവർഷംകൊണ്ട് പ്രകൃതിയുടെ പരിസ്ഥിതി സന്തുലനം നശിച്ചുതുടങ്ങും. വരുംതലമുറയോട് ചെയ്യുന്ന കൊടുംപാതകമാണത്.
അതുകൊണ്ട് കടൽമണൽ ഖനനത്തിന് ഒപ്പുവെച്ച 180 കോടി രൂപയുടെ കരട് പദ്ധതിയുടെ ധാരണപത്രം ഉടൻ സർക്കാർ റദ്ദ് ചെയ്തേ മതിയാകൂ. കരയിൽനിന്ന് നാല് കി.മീ. ദൂരത്ത് ഒരു മണൽ മാന്തലുകളും അനുവദിക്കരുത്. അത് നിരോധിച്ചുകൊണ്ടുള്ള നിയമം കേരള നിയമസഭ പാസാക്കുകയും വേണം.’’
നവകേരള സദസ്സിൽ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: ‘‘തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കംചെയ്യുന്നതിന് 2012ല്‍ യു.ഡി.എഫ് ഭരണകാലത്താണ് അനുമതി നല്‍കിയത്. മണല്‍ അടിഞ്ഞുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതുമൂലം കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് കണക്കിലെടുത്തായിരുന്നു അനുമതി. മണല്‍ നീക്കംചെയ്തില്ലെങ്കില്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ പ്രളയഭീഷണിയുണ്ടാകുമെന്ന ചെന്നൈ ഐ.ഐ.ടിയുടെ പഠനത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ഉത്തരവ്’’.
കരിമണൽ ഖനനത്തിന് അനുമതി നൽകിയതിനെ പുസ്തകത്തിൽ കുറ്റപ്പെടുത്തുന്ന പിണറായിയാണ് യു.ഡി.എഫിന്റെ 2012ലെ അനുമതിയെ ചെന്നൈ ഐ.ഐ.ടിയുടെ പഠനത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളായ ചവറയിലെ ഐ.ആർ.ഇ, കെ.എം.എം.എൽ എന്നിവക്ക് മാത്രമേ മണൽ കോരാൻ അനുമതി നൽകൂ എന്നാണ് ഇപ്പോൾ പറയുന്നത്.
സി.എം.ആർ.എല്ലിൽനിന്ന് മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിക്കുന്നു എന്ന ആരോപണം വന്നതോടെയാണ് അദ്ദേഹത്തിന്റെ നിലപാടിലെ മലക്കംമറിച്ചിലും ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.