പുറത്താക്കിയതിന് പിന്നാലെ ബി.ജെ.പി നേതാക്കളെ ട്രോളി സന്ദീപ് വാര്യർ: 'അടുത്ത വാർത്തക്ക് സ്കോപ്പുണ്ട്, സന്ദീപ് വാര്യർക്ക് അംബാനി ബന്ധം, 80 ലക്ഷത്തിന്റെ അനധികൃത ടവർ കൊണ്ടുവന്നു'

കോട്ടയം: ബി.ജെ.പി സംസ്ഥാന വക്താവ്‌ സ്ഥാനത്തുനിന്ന്‌ പുറത്താക്കിയതിന് പിന്നാലെ പാർട്ടി നേതാക്കളെ ട്രോളി സന്ദീപ്‌ ജി. വാര്യർ. പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂർ മലയുടെ താഴ്വാരത്ത് മൊബൈൽ ടവർ സ്ഥാപിച്ച വിവരം പങ്കുവെച്ചായിരുന്നു ട്രോൾ. 'വേണേൽ അടുത്ത വാർത്തക്ക് സ്കോപ്പുണ്ട്. സന്ദീപ് വാര്യർക്ക് മുകേഷ് അംബാനിയുമായി ബന്ധം. 80 ലക്ഷത്തിന്റെ അനധികൃത ടവർ കൊണ്ട് വന്നു ...' എന്നാണ് പരിഹാസം.

ഇന്ന് കോട്ടയത്ത്‌ ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗമാണ് സന്ദീപിനെ പുറത്താക്കാൻ തീരുമാനിച്ചത്. പാർട്ടിയെ ഉപയോഗിച്ച്‌ സന്ദീപ് ലക്ഷങ്ങൾ തട്ടിയെന്ന്‌ ബി.ജെ.പി പാലക്കാട്‌, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലാ കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തിന്‌ പരാതി നൽകിയിരുന്നുവത്രെ. നാല്‌ ജില്ലാ അധ്യക്ഷന്മാരാണ്‌ പരാതി നൽകിയിരുന്നത്‌. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന കോർ കമ്മിറ്റി യോഗം സന്ദീപിനെ പുറത്താക്കിയത്. തുടർന്ന് ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ സന്ദീപ്‌ വാര്യർ മടങ്ങുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് പരിഹസിച്ച് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. സന്ദീപിനെ പുറത്താക്കിയ വിവരം ബി.ജെ.പി. കോർ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. സംഘടനാപരമായ നടപടിയാണെന്നും പുറത്തു പറയേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. നടപടിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് സുരേന്ദ്രൻ പ്രതികരിച്ചില്ല.

നേരത്തെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്ന ഷാജ് കിരണും സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങൾളും പുറത്തുവന്നിരുന്നു. ബി.ജെ.പി ഭരിക്കുന്ന കർണാടകയിലെ ഊർജമന്ത്രി വി. സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് പെട്രോൾ പമ്പിന്റെ പേരിൽ പണംപിരിച്ചുവെന്ന പേരിൽ പരാതി ഉയർന്നത്. ജില്ലാ പ്രസിഡന്റുമാർ തന്നെ പരാതിയുമായി എത്തിയതോടെ വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

സന്ദീപ് ജി വാര്യരുടെ കുറിപ്പിന്റെ പൂർണരൂപം:

'പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂർ മലയുടെ താഴ് വാരത്ത്‌ മൊബൈൽ റേഞ്ച് ഇല്ലാതെ പഠിക്കാൻ പോലും കുട്ടികൾ കഷ്ടപ്പെട്ടിരുന്നു. ബിഎസ്എൻഎൽ അട്ടപ്പാടിയിലെ ഊരുകൾക്ക് പരിഗണന നല്കുന്നതിനാലും സാങ്കേതിക പ്രശ്നങ്ങളാലും ടവർ ഉടൻ സ്ഥാപിക്കാൻ കഴിയില്ലെന്ന് അറിയിക്കുന്നു. ഒടുവിൽ അവിടത്തെ പഞ്ചായത്ത് മെമ്പർ ബന്ധപ്പെട്ടു. കേരളത്തിലെ മുഴുവൻ സർവീസ് പ്രൊവൈഡർമാരുമായും സംസാരിച്ചു. ആ പ്രദേശത്ത് ടവർ സ്ഥാപിക്കുന്നത് സാങ്കേതികമായി വലിയ ചിലവുള്ള കാര്യമായതിനാൽ ആരും തയ്യാറായില്ല. കുട്ടികളുടെ വിദ്യാഭ്യാസം മുതൽ ആശുപത്രി ആവശ്യങ്ങൾ വരെ നടത്താൻ ആ ഗ്രാമം അനുഭവിച്ച പ്രയാസം വളരെ വലുതാണ്.

ഒടുവിൽ മുംബൈയിൽ ശങ്കരേട്ടനെ ബന്ധപ്പെട്ടു. മുകേഷ് അംബാനിയുടെ ടീമിലെ അദ്ദേഹവുമായി വളരെ അടുത്ത മലയാളി. അംബാനിയുടെ ഓഫിസിൽ നിന്നും നിർദേശം വന്നു. 80 ലക്ഷം രൂപ ചിലവിൽ ജിയോ ഇന്നലെ അവിടെ പുതിയ ടവർ തുടങ്ങി. മൊബൈൽ റേഞ്ച് വന്നത് ആ ഗ്രാമം അക്ഷരാർത്ഥത്തിൽ ആഘോഷിച്ചു.

വേണേൽ അടുത്ത വാർത്തക്ക് സ്കോപ്പുണ്ട് . സന്ദീപ് വാര്യർക്ക് മുകേഷ് അംബാനിയുമായി ബന്ധം . 80 ലക്ഷത്തിന്റെ അനധികൃത ടവർ കൊണ്ട് വന്നു ...''

Tags:    
News Summary - Sandeep GVarier mocks BJP leaders after expelled from state spokesperson post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.