തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട സംഭവത്തിൽ ആത്മഹത്യചെയ്ത പ്രകാശിനും ആർ.എസ്.എസിനുമുള്ള പങ്ക് വ്യക്തമാക്കുന്ന തരത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം. ആശ്രമം കത്തിച്ച ദിവസത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ ബൈക്കിൽ സഞ്ചവരിച്ചവരിൽ ഒരാൾ മരിച്ച പ്രകാശാണെന്ന് പ്രദേശവാസികളടക്കമുള്ളവർ തിരിച്ചറിഞ്ഞു.
തീ കത്തിച്ചശേഷം വെച്ച റീത്ത് കെട്ടിനൽകിയത് പ്രകാശാണെന്ന നിലയിലുള്ള മൊഴിയും അന്വേഷണസംഘത്തിന് ലഭിച്ചു. സംഭവദിവസം പ്രതികൾ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞു. പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകൻ കുണ്ടമൺ സ്വദേശി കൃഷ്ണകുമാർ ഇത്തരത്തിൽ മൊഴി നൽകിയെന്നാണ് വിവരം. ഇപ്പോൾ അറസ്റ്റിലായ നാലുപേർക്കും ആശ്രമം കത്തിച്ച സംഭവത്തിലും പങ്കുണ്ടെന്ന വിലയിരുത്തലാണ് അന്വേഷണസംഘത്തിന്.
ആശ്രമം കത്തിച്ചത് താനുൾപ്പെടെയുള്ള ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പ്രകാശ് പലരോടും പറഞ്ഞിരുന്നു. ഇതാണ് മറ്റുള്ളവരെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ജനുവരി മൂന്നിനാണ് സംഘം പ്രകാശിനെ മർദിച്ചത്. ഒരു മണിക്കൂറിനുള്ളിൽ പ്രകാശ് ആത്മഹത്യ ചെയ്തു. പ്രദേശവാസി വിവേകിന്റെ വീട്ടിലെ സി.സി ടി.വിയിൽനിന്നാണ് ലോക്കൽ പൊലീസ് ദൃശ്യം ശേഖരിച്ചത്. ബൈക്കിൽ സഞ്ചരിച്ച പ്രതികളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ബൈക്കിലുണ്ടായിരുന്ന ഒരാൾ മരിച്ച പ്രകാശാണെന്ന് വ്യക്തമായത്. ആശ്രമം അക്രമിച്ച ദിവസം 2.27നുള്ള ദൃശ്യമാണ് വിവേകിന്റെ വീട്ടിൽനിന്ന് പൊലീസ് ശേഖരിച്ചത്. 2.32ന് വലിയവിള ജങ്ഷനിലെ കാമറയിലും 2.34ന് എലിപ്പോടെ കാമറയിയിലും ഇതേ ബൈക്ക് കടന്നുപോകുന്നത് കാണുന്നുണ്ട്. ബൈക്കിൽ പ്രകാശിനൊപ്പമുണ്ടായിരുന്ന ആളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ വൈകാതെ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.