തൃശൂർ: കേരള സര്‍ക്കാറിന്റെ ധനസഹായത്തോടെ സാംസ്കാരിക വകുപ്പിനു വേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ 14ാം പതിപ്പ് ഫെബ്രുവരി ഒമ്പതുമുതല്‍ 16 വരെ തൃശൂരില്‍ നടക്കുമെന്ന് സെക്രട്ടറി കരിവള്ളൂർ മുരളി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുത്ത എട്ട് വിദേശ നാടകങ്ങളും മലയാളമുൾപ്പെടെ 15 ഇന്ത്യന്‍ നാടകങ്ങളും മേളയില്‍ അവതരിപ്പിക്കും. 68 വിദേശ നാടകങ്ങളും 58 മലയാള നാടകങ്ങളും 240 ഇന്ത്യന്‍ നാടകങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബി. അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ നാടകപ്രവര്‍ത്തകയും നടിയുമായ സജിത മഠത്തില്‍, ഹൈദരാബാദ് സര്‍വകലാശാലയിലെ നാടകവിഭാഗം അധ്യാപകന് നൗഷാദ് മുഹമ്മദ്കുഞ്ഞ് എന്നിവരുള്‍പ്പെട്ട സമിതിയാണ് നാടകങ്ങള്‍ തിരഞ്ഞെടുത്തത്. ‘ഒരുമ, സമാധാനം, ദൃഢവിശ്വാസം’ എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ ആശയം. ബ്രസീല്‍, ചിലി, തുനീഷ്യ, സ്ലോവാക്യ, ഇറ്റലി, ഫിന്‍ലന്‍ഡ്, ബംഗ്ലാദേശ്, ഫലസ്തീന് രാജ്യങ്ങളില്‍നിന്നുള്ള സംഘങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്.
നാടകാവതരണങ്ങള്‍ കൂടാതെ സാംസ്കാരിക സമ്മേളനങ്ങളും എക്സിബിഷനും സംഗീതപരിപാടികളും ഡിജിറ്റല്‍ ഷോകളും അരങ്ങേറും. നാടക ശിൽപശാലകളും സംഘടിപ്പിക്കും. പ്രോഗ്രാം ഓഫിസര്‍ വി.കെ. അനില്‍കുമാര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബി. അനന്തകൃഷ്ണന്, ഫെസ്റ്റിവല്‍ കോഓഡിനേറ്റര്‍ ജലീല്‍ ടി. കുന്നത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
1. അല്ലെ ആര്‍മി -ഹോംബ്രെ കലക്ടിവ്, ഇറ്റലി
2. ലെ ഫോ -എല്ടിയാട്രോ, തുനീഷ്യ
3. ഫ്യൂഗോ റോജോ -ലാ പറ്റോഗാലിന, ചിലി
4. സ്റ്റേറ്റ് ലെസ് -കമ്പാനിയ നോവ ഡി ടിയാട്രോ, ബ്രസീല്‍
5. ജോണി ഗോട്ട് ഹിസ് ഗണ്‍ -എസി റോസി, ഫിന്‍ലന്‍ഡ്
6. സ്റ്റുപൊറോസ -ടിയാട്രോ ഔട്ട് ഓഫ്, ഇറ്റലി
7. 4.48 മോണ്‍ട്രാഷ് -സ്പര്‍ദ്ധ, ബംഗ്ലാദേശ്
8. ഹൗ ടു മേക്ക് ലെവലൂഷന്? - ഇന്‍ഡിപെന്‍ഡന്റ്, ഫലസ്തീന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.