തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് സർവകലാശാലകളുടെ വൈസ് ചാൻസലർ പദവിയിലേക്ക് രാജ്ഭവൻ വഴി സംഘ്പരിവാർ നോമിനികളെ കൊണ്ടുവരാൻ നീക്കം. സംഘ്പരിവാർ പ്രതിനിധികളെ കുത്തിനിറച്ച് കേരള, കാലിക്കറ്റ് സെനറ്റിലേക്കുള്ള ഗവർണറുടെ നാമനിർദേശം ഇതിന്റെ ‘ടെസ്റ്റ് ഡോസ്’ ആയിരുന്നു. കേരള സെനറ്റിലേക്ക് 17 പേരെ നാമനിർദേശം ചെയ്തതിൽ 15ഉം ബി.ജെ.പി പട്ടികയിൽനിന്നായിരുന്നു. ജെ.എൻ.യു പിടിച്ചതിനേക്കാൾ വേഗം കേരളത്തിലെ സർവകലാശാലകൾ പിടിക്കാനാകുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവനയും സംഘ്പരിവാർ നീക്കങ്ങളുടെ സൂചനയായാണ് വിലയിരുത്തുന്നത്.
സ്ഥിരം വി.സിമാരില്ലാത്ത എട്ട് സർവകലാശാലകളാണ് സംസ്ഥാനത്തുള്ളത്. ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വി.സിയായി പുനർനിയമനം നൽകിയ നടപടി സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ഒഴിവുള്ള വി.സി പദവി ലക്ഷ്യമിട്ട് സംഘ്പരിവാർ നീക്കം ശക്തമാക്കിയത്. എട്ട് സർവകലാശാലകളിലേക്കും വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപവത്കരിക്കാൻ ഗവർണർ തീരുമാനിച്ചതിനു പിന്നാലെ, സർവകലാശാല പ്രതിനിധിയെ നൽകാൻ രജിസ്ട്രാർമാർക്ക് കത്ത് നൽകിത്തുടങ്ങി. സർവകലാശാല പ്രതിനിധിക്ക് പുറമെ, ചാൻസലറുടെ പ്രതിനിധിയും യു.ജി.സി ചെയർമാന്റെ പ്രതിനിധിയും ചേരുന്നതാണ് സെർച് കമ്മിറ്റി. നിലവിലെ സാഹചര്യത്തിൽ യു.ജി.സി, ചാൻസലർ പ്രതിനിധികൾ സംഘ്പരിവാർ താൽപര്യപ്രകാരമാകും വി.സി സ്ഥാനത്തേക്കുള്ളവരുടെ പേര് നിർദേശിക്കുക. സർവകലാശാല പ്രതിനിധി മാത്രമാകും സർക്കാർ താൽപര്യത്തിനൊപ്പം നിൽക്കുക.
നേരത്തേ കാലിക്കറ്റ്, കണ്ണൂർ, കാലടി സർവകലാശാല വി.സി നിയമനങ്ങളിൽ ഗവർണറെ മുന്നിൽ നിർത്തി സംഘ്പരിവാർ ഇടപെടലിന് നീക്കം നടത്തിയിരുന്നു. ഇതിൽ കാലിക്കറ്റ് വി.സി നിയമനത്തിന് ബി.ജെ.പി സമ്മർദം ചെലുത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. കണ്ണൂർ വി.സി നിയമനത്തിന് സംഘ്പരിവാർ അണിയറയിൽ നോമിനിയെ തയാറാക്കിയതോടെയാണ് സെർച് കമ്മിറ്റി നടപടികൾ ഒഴിവാക്കി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനത്തിന് സർക്കാർ സമ്മർദം ചെലുത്തിയത്. തുറന്ന ഏറ്റുമുട്ടലിൽ എത്തിയതോടെ ഇനിയുള്ള വി.സി നിയമനത്തിൽ സർക്കാർ താൽപര്യം ഗവർണർ പരിഗണിക്കില്ലെന്ന് ഉറപ്പാണ്.
സെർച് കമ്മിറ്റികളിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകുന്നത് തടഞ്ഞുകൊണ്ടുള്ള പ്രതിരോധ മാർഗമാണ് സർക്കാറിന് മുന്നിലുള്ളത്. സർവകലാശാലകളിലേക്ക് സംഘ്പരിവാർ പ്രതിനിധികളെ കൊണ്ടുവരുന്നതിൽ വർഗ, ബഹുജന സംഘടനകളെ അണിനിരത്തി രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ഗവർണർക്കെതിരെയുള്ള എസ്.എഫ്.ഐ പ്രതിഷേധം. സർവകലാശാലകളിൽ അധ്യാപകരും ജീവനക്കാരും ചേർന്നുള്ള പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.
എട്ട് സർവകലാശാലകളിൽ താൽക്കാലിക വി.സിയുടെ ചുമതല നൽകിയവരിൽ ആറ് പേരെങ്കിലും സെർച് കമ്മിറ്റി പ്രതിനിധിയെ നൽകുന്നതിൽ രാജ്ഭവൻ താൽപര്യത്തിനനുസൃതമായി നിൽക്കാനുള്ള സാധ്യതയുണ്ട്. ‘കേരള’ സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത 17പേരുടെ സാന്നിധ്യം പ്രതിനിധിയെ നൽകാതിരിക്കാനുള്ള നീക്കത്തിന് തിരിച്ചടിയാകും. ഇത് രാജ്ഭവനെ മുന്നിൽ നിർത്തിയുള്ള സംഘ്പരിവാർ നീക്കങ്ങൾക്ക് ശക്തി പകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.