കോഴിക്കോട്/കൊച്ചി: രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എം നേതാക്കളുമായി ചർച്ച നടത്തിയിരുന്നുവെന്ന് സംഘ്പരിവാർ നേതാക്കൾ. തിരുവനന്തപുരത്ത് മാത്രമല്ല, കണ്ണൂരിലും പലതവണ ചർച്ച നടത്തിയിട്ടുണ്ടെന്ന് ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലൻകുട്ടി വ്യക്തമാക്കി.
പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് തൊട്ടുപിന്നാലെ സംഘത്തിെൻറ മുഖ്യ അധികാരികൾ ചർച്ച നടത്തിയതായി ജന്മഭൂമി മാനേജിങ് ഡയറക്ടർ എം. രാധാകൃഷ്ണനും അറിയിച്ചു.
'പിണറായി-ആർ.എസ്.എസ് ചർച്ചയിലെ ഇടനിലക്കാരൻ ശ്രീ എം' എന്ന 'മാധ്യമം' വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അവർ. തിരുവനന്തപുരത്ത് ചർച്ച കഴിഞ്ഞപ്പോൾ തന്നെ ഇക്കാര്യം പത്രക്കാരെ അറിയിച്ചതാണെന്ന് പറഞ്ഞ പി. ഗോപാലൻകുട്ടി ശ്രീ എമ്മിനെ ഇടനിലക്കാരനെന്നു പറയുന്നതിനോട് വിയോജിച്ചു. അദ്ദേഹത്തിന് അവരെയും പരിചയമുണ്ട്, ഞങ്ങളെയും പരിചയമുണ്ട്. അതുകൊണ്ട് രണ്ടു കൂട്ടരോടും സംസാരിച്ചു. അദ്ദേഹം പറഞ്ഞപ്പോൾ അവർ ചർച്ചക്ക് തയാറായി. ചർച്ചയെത്തുടർന്ന് സംഘർഷത്തിൽ അയവുണ്ടായി എന്നത് സത്യമാണ്.
തിരുവനന്തപുരത്ത് ഇരുന്നശേഷം കണ്ണൂരിലും ഞങ്ങൾ കൂടിയിരുന്നു. കണ്ണൂരിൽ രണ്ടുതവണ യോഗങ്ങളിൽ പിണറായി വിജയൻ ഉണ്ടായിരുന്നു. രണ്ടാമത്തേത് സർവകക്ഷി യോഗമായാണ് വിളിച്ചത്. അതിെൻറ തുടർച്ചയായി കോടിയേരിയും ജയരാജനുമെല്ലാമുണ്ടായിരുന്ന മറ്റൊരു യോഗവും നടന്നു. കുറെ പ്രശ്നങ്ങൾ അങ്ങനെ പരിഹരിക്കപ്പെട്ടിരുന്നു. എന്നാൽ ശ്രീ എമ്മിന് തിരുവനന്തപുരത്ത് യോഗ സെൻററിന് സർക്കാർ സ്ഥലം അനുവദിച്ചതും ആർ.എസ്.എസ്- സി.പി.എം ചർച്ചയുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്നും ഗോപാലൻകുട്ടി പറഞ്ഞു.
ഇതു സംബന്ധിച്ച് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ആർ.എസ്.എസ് പ്രാന്തീയ വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കേരിയും കൂടിക്കാഴ്ച നടന്ന കാര്യം നിഷേധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.