കാലടി: ഓണററി ഡി-ലിറ്റ് പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിതരണത്തില്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലക്ക് അലംഭാവം. സംസ്കൃത പണ്ഡിതനും മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ. എന്‍.പി. ഉണ്ണി, ഗായകന് ടി.എം. കൃഷ്ണ, നടി ശോഭന എന്നിവര്‍ക്ക് ഡി-ലിറ്റ് നൽകാന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയും ഗവര്‍ണര്‍ അനുവാദം നൽകുകയും ചെയ്തു.
മുന്‍ വൈസ് ചാന്‍സലറായിരുന്ന ഡോ. ധര്‍മരാജ് അടാട്ടിന്റെ കാലത്ത് എടുത്ത ഡി-ലിറ്റ് വിതരണ തീരുമാനം ഗവര്‍ണറുടെ അസൗകര്യത്തെതുടര്‍ന്ന് മാറ്റിവെച്ചിരുന്നു. പുതിയ വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന് ചുമതലയേറ്റ് മാസങ്ങള്‍ പിന്നിട്ടിട്ടും ഡി-ലിറ്റ് വിതരണം ചെയ്യാൻ നടപടിയെടുത്തില്ല.
സര്‍വകലാശാലകളും ഗവര്‍ണറും തമ്മിലുള്ള പോരാണ് ഡി-ലിറ്റ് നൽകുന്നതിനുള്ള മുഖ്യതടസ്സമെങ്കിലും സർവകലാശാലയുടെ സാമ്പത്തിക ബാധ്യതയുടെ പേരുപറഞ്ഞാണ് നീട്ടിക്കൊണ്ടുപോകുന്നത്.
സര്‍വകലാശാല ഡി-ലിറ്റ് നല്കുമ്പോള് ചാന്‍സലറായ ഗവര്‍ണറെ മാറ്റിനിര്‍ത്താനോ ഒഴിവാക്കാനോ പാടില്ലെന്നാണ് ചട്ടം. നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള പോര് മൂർധന്യാവസ്ഥയില് നില്‍ക്കുകയാണ്. ഇതിനിടെ എസ്.എഫ്.ഐ ഗവര്‍ണറെ കാമ്പസില്‍ കാലുകുത്തിക്കില്ലെന്ന വെല്ലുവിളിയും നടത്തിയതിനാൽ ഡി-ലിറ്റ് വിഷയത്തില്‍ അധികൃതര്‍ പുലിവാല് പിടിച്ചപോലെയായി.
സംസ്കൃത സര്‍വകലാശാല ഇതുവരെ ഒമ്പത് പേരെ ഓണററി ഡി-ലിറ്റ് നൽകി ആദരിച്ചിട്ടുണ്ട്. ഡോ. കെ.പി. നാരായണ പിഷാരടി, എം. ഹരിഹരപുത്ര ശര്‍മ (എം.എച്ച് ശാസ്ത്രികള്‍), നടന് മോഹന്‍ലാല്‍, റസൂല്‍ പൂക്കുട്ടി, പ്രഫ. ആര്. വാസുദേവന്‍ പോറ്റി, പ്രഫ. വി. വെങ്കടരാജ ശര്‍മ, ഡോ. എന്‍.വി.പി. ഉണിത്തിരി, കലാമണ്ഡലം ഗോപി, പ്രഫ. എം.കെ. സാനു എന്നിവരെയാണ് ഓണററി ബിരുദദാനത്തിലൂടെ ആദരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.