ശാന്തൻപാറ സി.പി.എം ഓഫിസ്: വിവാദ മതിൽ പാർട്ടി ഇടപെട്ട് പൊളിച്ചു

അടിമാലി: കൈയേറ്റ വിവാദത്തിൽപെട്ട ശാന്തൻപാറ സി.പി.എം ഓഫിസ് സംരക്ഷണ ഭിത്തി പാർട്ടി ഇടപെട്ട് പൊളിച്ചുനീക്കി. പുറമ്പോക്ക് കൈയേറി നിർമിച്ചതാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയ മതിലാണ് പൊളിച്ചുനീക്കിയത്. കോടതി ഇടപെടലിൽനിന്ന് ഒഴിവാകാനാണ് പാർട്ടി ഇടപെടൽ. കെട്ടിടം നിർമിച്ചത് പട്ടയമില്ലാത്ത ഭൂമിയിലാണെന്നും പുറമ്പോക്ക് കൈവശപ്പെടുത്തിയെന്നുമാണ് കണ്ടെത്തിയത്. താലൂക്ക് സർവേയർ അടയാളപ്പെടുത്തി നൽകിയ ഭാഗമാണ് പൊളിച്ചത്. ഗാർഹികേതര നിർമാണമായതിനാൽ റവന്യൂവകുപ്പ് എൻ.ഒ.സി നിഷേധിച്ചിരുന്നു. ഗാർഹിക ആവശ്യത്തിന് മാത്രം കെട്ടിടം നിർമിക്കാൻ അനുമതിയുള്ള സ്ഥലത്താണ് വാണിജ്യ ആവശ്യത്തിനുള്ള നിർമാണം നടന്നത്.

2022 നവംബർ 25നാണ് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസിന്‍റെ പേരിൽ ശാന്തൻപാറ ടൗണിലുള്ള എട്ടുെസന്‍റ് ഭൂമിയിൽ ബഹുനില ഓഫിസ് മന്ദിരം നിർമിക്കുന്നതിനെതിരെ റവന്യൂവകുപ്പ് സ്റ്റോപ് മെമ്മോ നൽകിയത്. എന്നാൽ, അത് അവഗണിച്ച് നിർമാണം നടന്നിരുന്നു. ഹൈകോടതിയിൽ ഭൂസംബന്ധമായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന് ലഭിച്ച പരാതിയെത്തുടർന്ന് നിർമാണം വിലക്കി കോടതി ഇടക്കാല ഉത്തരവിട്ടു. വീണ്ടും വിലക്ക് ലംഘിച്ചെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിനെത്തുടർന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് സി.പി.എം ജില്ല സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഒരു ഉത്തരവുണ്ടാകുംവരെ ശാന്തൻപാറയിലെ സി.പി.എം ഓഫിസ് പ്രവർത്തിക്കരുതെന്നും ഉത്തരവിട്ടുണ്ട്. ഇതിനുപുറമെ പൂപ്പാറയിൽ പന്നിയാർപുഴ കൈയേറി നിർമാണം നടത്തിയ 56 കൈയേറ്റങ്ങൾ പൊളിച്ചുനീക്കാനും ഹൈകോടതി അടുത്തിടെ നിർദേശം നൽകിയിരുന്നു. ഇതോടെ പൂപ്പാറ, ശാന്തൻപാറ മേഖലയിൽ വീണ്ടുമൊരു ഇടിച്ചുനിരത്തൽ ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. 

Tags:    
News Summary - Santhanpara CPM office: The party intervened and demolished the controversial wall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.