പുഴയിൽ തള്ളുന്നതിന് മുമ്പ് മകൾ വൈഗയുടെ സ്വർണാഭരണങ്ങൾ അഴിച്ചെടുത്തിരുന്നതായി പിതാവ് സനു മോഹന്‍റെ മൊഴി. സംസ്ഥാനം വിടും മുമ്പ് വൈഗയുടെ മാലയും മോതിരവും വിറ്റതായും ആ പണം കൊണ്ട് മദ്യവും സിഗരറ്റും കാറിൽ കരുതിയതായും ഇയാൾ മൊഴി നൽകി.
സനുവും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം അപ്പാർട്മെന്റ്സിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ തെല്ലും കുറ്റബോധമില്ലാതെയാണ് അയാൾ നടപടികളോട് സഹകരിച്ചത്. ഫ്ലാറ്റ് നിവാസികൾക്കും നാട്ടുകാർക്കും മുന്നിൽ നിൽക്കുമ്പോഴും കൂസലുണ്ടായിരുന്നില്ല.
ഫ്ലാറ്റ് പരിസരത്തേക്ക് ആരെയും പൊലീസ് അടുപ്പിച്ചില്ല. ഫ്ലാറ്റിലെ മുറികളിലെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം തിരിച്ചിറങ്ങിയ സനുമോഹൻ താഴെ കാണാൻ നിന്ന ഫ്ലാറ്റ് നിവാസികൾക്കു മുന്നിൽ പുറം തിരിഞ്ഞു നിന്നു. കൂട്ടംകൂടി നിന്നവർക്ക് അഭിമുഖമായി സനുമോഹനെ പൊലീസ് തിരിച്ചു നിർത്തി. അക്കൂട്ടത്തിൽ സനു മോഹൻ പണം കടം വാങ്ങിയ ആരൊക്കെയുണ്ടെന്നു ചോദിച്ചു. അവരെ സനുമോഹൻ കാണിച്ചുകൊടുത്തു.
അവിടെ നിന്നു ജീപ്പിൽ കയറ്റിയ സനു മോഹനെ ഭാര്യ രമ്യയുടെയും വൈഗയുടെയും ഫോണുകൾ വലിച്ചെറിഞ്ഞ എച്ച്.എം.ടി റോഡിനു സമീപത്തെ കാടിനു മുന്നിലാണു പിന്നീട് എത്തിച്ചത്. അവിടെ നിന്നു ചേരാനല്ലൂർ ഭാഗത്തേക്കു കൊണ്ടുപോയ ശേഷമാണ് വൈഗയെ വലിച്ചെറിഞ്ഞ മുട്ടാർപുഴയിലെ ചക്യാടം കടവിൽ എത്തിച്ചത്.
കാർ കൊണ്ടുവന്നു നിർത്തിയ സ്ഥലവും കാറിൽ നിന്നു വൈഗയെ എടുത്തു കൊണ്ടുപോയ വിധവും പുഴയിൽ മരത്തിനോടു ചേർന്നു തള്ളിയിട്ട സ്ഥലവും കാണിച്ചുകൊടുത്തു.
കങ്ങരപ്പടിയിൽ മൊബൈൽ ഫോൺ വിറ്റ കട, ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയ പണമിടപാട് സ്ഥാപനം എന്നിവിടങ്ങളിലും സനു മോഹനെ എത്തിച്ചു തെളിവെടുത്തു. സനു മോഹനുമായി 4 സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിനായി പൊലീസ് പോകുന്നുണ്ട്. തൃക്കാക്കര ഇൻസ്പെക്ടർ കെ.ധനപാലെന്റ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കു പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.