സർഫാസി: വായ്പാതട്ടിപ്പിന് ഇരയായവരിൽ ഏറെപ്പേരും പട്ടികജാതിക്കാർ

തിരുവനന്തപുരം: സർഫാസി നിയമം ദുരുപയോഗപ്പെടുത്തി ബാങ്ക് ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് മേഖലയിലെ ചിലരും ചേർന്ന് നടത്തിയ തട്ടിപ്പിന് ഇരയായതിൽ ഏറെപ്പേരും പട്ടികജാതിക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈപ്പിൻ മണ്ഡലത്തിലെ വല്ലാർപ്പാടം, പുതുവൈപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 17 സാധാരണ കുടുംബങ്ങളെക്കുറിച്ച് കെ.എൻ. ഉണ്ണിക്കൃഷ്ണൻ രേഖാമൂലം നൽകിയ മറുപടിയാണിത്. വായ്പാതട്ടിപ്പിനിരയായ 17 കുടുംബങ്ങളിൽ 11 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

ഇവരിൽ ഒമ്പത് പേർക്ക് പട്ടികജാതി -പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരം അനുവദനീയമായ ആശ്വാസ ധനസഹായം നൽകി. തട്ടിപ്പിന് ഇരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 11 കേസുകളിൽ മൂന്ന് കേസുകൾ ക്രൈം ബ്രാഞ്ചിനു കൈമാറി. ക്രൈം ബ്രാഞ്ചിനു കൈമാറിയ കേസുകൾ ഉൾപ്പെടെ എല്ലാ കേസുകളിലും അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അപ്പീൽ ഇപ്പോൾ ഹൈകോടതിയുടെ പരിഗണനയിലാണ്.

ആന്റി സർഫാസി മൂവ്മെന്റ് ജനറൽ കൺവീനർ വി.സി. ജെന്നി എം.എൽ.എ വഴി നിവേദനം നൽകിയിരുന്നു. എന്നാൽ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന വിഷയങ്ങളായ സർഫാസി നിയമം പിൻവലിക്കൽ, സർഫാസി നിയമത്തിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ തുടങ്ങിയവ എസ്.എൽ.ബി.സി യുടെ പ്രവർത്തന പരിധിയിൽ നിന്നുകൊണ്ട് ചെയ്യാൻ സാധിക്കാത്തതാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.

Tags:    
News Summary - Sarfasi: Most of the victims of loan fraud are Scheduled Castes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.