കൊച്ചി: ബലാത്സംഗ കേസിൽ അന്വേഷണം നേരിടുന്ന എം.എൽ.എ മുകേഷ് കൊച്ചിയിൽ അഭിഭാഷകൻ ജിയോ പോളുമായി കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനുള്ള രേഖകൾ കൈമാറി. ഇവ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. എം.എൽ.എ ബോർഡ് അഴിച്ചുമാറ്റി പൊലീസ് അകമ്പടിയോടെയാണ് രാവിലെ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് തിരിച്ചത്.
മുകേഷ്, തനിക്ക് ലഭിച്ച ഇ-മെയിലുകൾ, മറ്റു ചില ഇലക്ട്രോണിക് രേഖകൾ ഉൾപ്പെടെ അഭിഭാഷകന് കൈമാറിയതായാണ് വിവരം. തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. അന്ന് ഈ രേഖകൾ കോടതിയിൽ പരിശോധനക്കായി സമർപ്പിക്കുമെന്നാണ് വിവരം.
ചോദ്യം ചെയ്യലിന് ഏതു സമയത്തുംഹാജരാകാൻ മുകേഷ് തയാറാണെന്ന് അഭിഭാഷകൻ ജിയോ പോളും വ്യക്തമാക്കി. അന്വേഷണത്തിൽനിന്ന് മുകേഷ് ഒളിച്ചോടില്ല. കേസുമായി ബന്ധപ്പെട്ട് എന്തു വിവരവും പങ്കുവെക്കാൻ തയാറാണ്. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ നോട്ടിസ് നൽകിയിട്ടില്ലെന്നും ജിയോ പോൾ പറഞ്ഞു.
അതേസമയം അതിക്രമം കാണിച്ചെന്ന് ആരോപിച്ച് അഭിഭാഷകനായ വി.എസ്. ചന്ദ്രശേഖരനെതിരെയും നടി പരാതി നൽകിയിട്ടുണ്ട്. ഇയാളെയും തൽക്കാലം അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് കോടതി നിർദേശമുണ്ട്. സെപ്റ്റംബർ മൂന്ന് വരെയാണ് ലോയേഴ്സ് അസോസിയേഷൻ മുൻ ഭാരവാഹി കൂടിയായ അഭിഭാഷകന്‍റെ അറസ്റ്റ് തടഞ്ഞത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും.
മുകേഷിൽനിന്ന് 2009ൽ ലൈഗികാതിക്രമമുണ്ടായി എന്നാണ് നടിയുടെ പരാതി. എന്നാൽ അതിനുശേഷവും നടിയുമായി ആശയവിനിമയമുണ്ടെന്നാണ് മുകേഷിന്‍റെ വാദം. കുടുംബകാര്യങ്ങൾ പോലും ചോദിച്ച് സൗഹാർദപരമായ സംഭാഷണങ്ങൾ ഉണ്ടായി. അന്വേഷണത്തിന് ഏതുവിധേനയും സഹകരിക്കാൻ തയാറാണെന്നും മുകേഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.