കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമ മേഖലയെ ഒന്നടങ്കം പിടിച്ചുകുലുക്കിയിരിക്കുകയാണ്. സിനിമയിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി സ്ത്രീകളാണ് രംഗത്തുവന്നത്.
ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ നീണ്ടതോടെ താരസംഘടനയായ ‘അമ്മ’യിലുള്ളവർക്ക് കൂട്ടമായി രാജിവെക്കേണ്ടിവന്നു. ഭാരവാഹികളെയും അമ്മ സംഘടനയെയും പരിഹസിക്കുന്ന ട്രോളുകൾ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു. അമ്മ ഓഫിസിന് മുമ്പില്‍ റീത്ത് വെച്ചുള്ള ലോ കോളജ് വിദ്യാര്‍ഥികളുടെ പ്രതിഷേധവും വലിയ ജനശ്രദ്ധ നേടി. ഇതിനിടെയാണ് അമ്മയുടെ ആസ്ഥാന ഓഫിസ് ഓൺലൈൻ വിൽപന സൈറ്റായ ഒ.എൽ.എക്‌സിൽ ഏതോ വിരുതന്മാർ വിൽപനക്ക് വെച്ചിരിക്കുന്നത്!
അതും വെറും 20,000 രൂപക്ക്. ഉടൻ വിൽപനക്ക് എന്ന കുറിപ്പോടെയാണ് ഇടപ്പള്ളിയിലുള്ള അമ്മ ഓഫിസിന്റെ ചിത്രങ്ങൾ ഒ.എൽ.എക്സിൽ പോസ്‌റ്റ് ചെയ്‌തത്. 20,000 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിൽ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നൽകിയിട്ടുണ്ട്. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും നൽകിയിട്ടുണ്ട്.
ഒരു മാസത്തെ മെയിന്‍റനൻസ് ചെലവായി ഒന്നര ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. എന്നാൽ ആരാണ് പരസ്യം നൽകിയതെന്ന് വ്യക്തമല്ല. യുവനടിയുടെ ആരോപണത്തിനു പിന്നാലെ അമ്മ ജനറൽ സെക്രട്ടറിയായ നടൻ സിദ്ദീഖ് രാജിവെച്ചതിനു പിന്നാലെയാണ് സംഘടനയിൽ കൂട്ടരാജി. പ്രസിഡന്‍റ് മോഹൻലാലും ഭരണസമിതി അംഗങ്ങളും പിന്നാലെ രാജിവെച്ചു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.