മുസ്‌ലിംകളോട് അന്നത്തെ സർക്കാർ കാണിച്ച ചതിയായിരുന്നു 80:20 അനുപാതം -സത്താർ പന്തലൂർ

കോഴിക്കോട്​: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം ഹൈകോടതി റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് നേതാവ്​ സ​ത്താ​ർ പ​ന്ത​ലൂർ. 80:20 കണക്കാക്കിയപ്പോൾ സഹിഷ്ണുത കാണിച്ച്​ മൗനം ദീക്ഷിച്ചതിന്‍റെ ദുരന്തമാണ് ഇപ്പോൾ മുസ്​ലിംകൾ അനുഭവിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

സത്യത്തിൽ മുസ്‌ലിംകളോട് അന്നത്തെ സർക്കാർ കാണിച്ച ചതിയായിരുന്നു ഈ 80:20 അനുപാതം. മുസ്​ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ നിർദേശിക്കപ്പെട്ട പദ്ധതികളുടെ 100 ശതമാനവും മുസ്ലിംകൾക്ക് അവകാശപ്പെട്ടതായിരുന്നു. ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട കോശി കമീഷൻ റിപ്പോർട്ട് വേഗം സമർപ്പിച്ച്​ അതിനനുസരിച്ച് ക്രിസ്ത്യാനികളെ പരിഗണിക്കണമെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്റ്റിൽ പറഞ്ഞു.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം:

സച്ചാർ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുസ്​ലിം ന്യൂനപക്ഷ ക്ഷേമപദ്ധതികൾ നടപ്പാക്കാൻ കേരളത്തിൽ പാലോളി കമ്മിറ്റി വന്നു. അവരുടെ റിപ്പോർട്ടിന്‍റെ്റെ അടിസ്ഥാനത്തിൽ വന്ന സ്കോളർഷിപ്പ് പദ്ധതി മുഴുവൻ മുസ്‌ലിംകൾക്കും അവകാശപ്പെട്ടതായിരുന്നു. പക്ഷെ, സർക്കാർ അതിലേക്ക് ക്രിസ്ത്യാനികളെ കൂടി പരിഗണിച്ചു.

ആനുകൂല്യങ്ങളിൽ മുസ്ലിംകൾക്ക് 80ഉം ക്രിസ്ത്യാനികളിലെ പിന്നാക്ക അവസ്ഥ അനുഭവിക്കുന്നവരെ പരിഗണിച്ചു അവർക്ക് 20ഉം നൽകി. സത്യത്തിൽ മുസ്‌ലിംകളോട് അന്നത്തെ സർക്കാർ കാണിച്ച ചതിയായിരുന്നു ഈ 80:20 അനുപാതം. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ നിർദേശിക്കപ്പെട്ട പദ്ധതികളുടെ 100 ശതമാനവും മുസ്ലിംകൾക്ക് അവകാശപ്പെട്ടതായിരുന്നു. ഈ ചതിയിലൂടെ 20 ശതമാനം ആനുകൂല്യം തടയപ്പെടുക മാത്രമല്ല, കേരളത്തിൽ ഒരു വർഗീയ ചേരിതിരിവിന് അത് പിന്നീട് കാരണമാവുകയും ചെയ്തു.

മുസ്​ലിം സ്കോളർഷിപ്പ് വെറും ന്യൂനപക്ഷ സ്കോളർഷിപ്പായി മാറി. അതുവെച്ച് ന്യൂനപക്ഷ സ്കോളർഷിപ്പിന്‍റെ 80 ശതമാനവും 27 ശതമാനമുള്ള മുസ്ലിംകൾ കൊണ്ടുപോവുകയും 19 ശതമാനമുള്ള ക്രിസ്ത്യാനികളെ അവഗണിക്കുകയും ചെയ്യുന്നു എന്നു പ്രചരിപ്പിച്ചു. അതൊരു വർഗീയ ചേരിതിരിവിന് നിമിത്തമായി. 80:20 കണക്കാക്കിയപ്പോൾ സഹിഷ്ണുത കാണിച്ച്​ മൗനം ദീക്ഷിച്ചതിന്‍റെ ദുരന്തമാണ് ഇപ്പോൾ മുസ് ലിംകൾ അനുഭവിക്കുന്നത്.

ഇപ്പോൾ കോടതി ആ അനുപാതം റദ്ദാക്കിയിരിക്കുന്നു. ഇനിയെങ്കിലും സർക്കാർ മുസ്‌ലിംകളോട് നീതി കാണിക്കണം. ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട കോശി കമീഷൻ റിപ്പോർട്ട് വേഗം സമർപ്പിച്ച്​ അതിനനുസരിച്ച് ക്രിസ്ത്യാനികളെ പരിഗണിക്കണം.

പാലോളി റിപ്പോർട്ട് അനുസരിച്ചുള്ള മുഴുവൻ ആനുകൂല്യവും പൂർണമായി മുസ്​ലിംകൾക്ക്​ തന്നെ നൽകണം. പുതിയ ഇടതുപക്ഷത്തിന്‍റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞ വാഗ്ദാനമാണ് പാലോളി റിപ്പോർട്ട് പൂർണമായി നടപ്പാക്കുമെന്ന്. ന്യൂനപക്ഷ ക്ഷേമ ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Tags:    
News Summary - Sathar Panthalur says betrayal of Muslims by the then government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.