തിരുവനന്തപുരം: നിയമസഭ സമ്മേളനം ആരംഭിക്കാൻ മണിക്കൂറുകൾമാത്രം അവശേഷിച്ചിരിക്കെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള തർക്കത്തിന് പോംവഴി കാണാനാകാത്തത് യു.ഡി.എഫിനും കോണ്‍ഗ്രസിനും തലവേദനയായി. മുന്നണിയുടെയോ പാർട്ടിയുടെയോ ഏതെങ്കിലും വേദിയിൽ ചർച്ചചെയ്യാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതും ചാടിക്കയറി അഭിപ്രായം പറയുന്നതും തന്റെ ശൈലിയല്ലെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തലക്ക് സതീശൻ പരോക്ഷ മറുപടി നൽകിയത് ഇരുവർക്കും ഇടയിലെ അകലം വർധിപ്പിക്കുകയും ചെയ്തു.
ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണപ്രമേയം അവതരിപ്പിക്കുന്ന കാര്യത്തിൽ താനല്ല യു.ഡി.എഫ് നിയമസഭ കക്ഷിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലക്ക് സതീശൻ പരോക്ഷ മറുപടി നൽകിയത്. ഇരുവർക്കും ഇടയിലെ അകൽച്ച നിയമസഭയിലും പ്രതിഫലിച്ചാൽ അത് മുന്നണിയെതന്നെ ബാധിച്ചേക്കാം. ചെന്നിത്തലയെ പിന്തള്ളി പ്രതിപക്ഷ നേതൃസ്ഥാനം അപ്രതീക്ഷിതമായി വി.ഡി. സതീശന്റെ കൈകളിൽ എത്തിയതുമുതല്‍ ഇരുവരും ശീതസമരത്തിലാണ്. ആദ്യഘട്ടത്തിൽ നിശ്ശബ്ദത പാലിച്ചായിരുന്നു ചെന്നിത്തലയുടെ പ്രതിഷേധമെങ്കിൽ ഇപ്പോൾ അതിൽ മാറ്റംവന്നു. എല്ലാ പ്രധാന വിഷയങ്ങളിലും പാർട്ടിയും മുന്നണിയും അഭിപ്രായം പറയുംമുമ്പ് സ്വന്തം നിലപാട് പ്രഖ്യാപിക്കുന്ന ശൈലിയാണ് ചെന്നിത്തല ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇത് പ്രതിപക്ഷനേതാവിനെ താഴ്ത്തിക്കെട്ടാനുള്ള നീക്കമാണെന്നാണ് സതീശനെ പിന്തുണക്കുന്നവർ കരുതുന്നത്. ഇരുവർക്കുമിടയിലെ അസംതൃപ്തി പരിഹരിക്കാൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
കെ. സുധാകരനും വി.ഡി. സതീശനും പാർട്ടിയിൽ മുമ്പ് ചെന്നിത്തലക്കൊപ്പം നിന്നവരാണ്. ഇവരിൽ സതീശൻ ചെന്നിത്തല വഹിച്ചിരുന്ന പ്രതിപക്ഷ നേതൃസ്ഥാനത്തേക്കാണ് എത്തിയിട്ടുള്ളത്. ചേരി മാറിയെങ്കിലും സുധാകരനുമായി സഹകരിക്കാന്‍ ചെന്നിത്തല തയാറാണ്. നേതൃതല തർക്ക വിഷയത്തിൽ സുധാകരൻ നൽകിയ പിന്തുണയെ സ്വാഗതംചെയ്ത് കഴിഞ്ഞദിവസം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ സതീശന്റെ പേര് പരാമർശിക്കാൻപോലും തയാറായില്ല.
സതീശൻ-ചെന്നിത്തല മൂപ്പിളത്തർക്കം പരസ്യമായിരിക്കെയാണ് വെള്ളിയാഴ്ച നിയമസഭ സമ്മേളനം തുടങ്ങുന്നത്. അവർക്കിടയിലെ അകൽച്ചക്ക് പരിഹാരമുണ്ടായില്ലെങ്കിൽ യു.ഡി.എഫിന്റെ നിയമസഭയിലെ പ്രകടനത്തെ ബാധിച്ചേക്കാമെന്ന ആശങ്ക ഘടകകക്ഷികൾക്കുൾപ്പെടെ ഉണ്ട്. സഭയിൽ സർക്കാറിനെ വരിഞ്ഞുമുറുക്കാൻ ആവശ്യമായ ഒട്ടേറെ വിഷയങ്ങളാണ് പ്രതിപക്ഷത്തിന് കിട്ടിയിട്ടുള്ളത്. എന്നാൽ, പ്രതിപക്ഷ നേതൃതലത്തിലെ ഭിന്നത ഭരണപക്ഷം ആയുധമാക്കുമെന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.