പൂരം കലക്കിയതാണെന്ന് അവസാനം മുഖ്യമന്ത്രി സമ്മതിച്ചെന്ന് സതീശൻ

പാലക്കാട്: പ്രതിപക്ഷം പറഞ്ഞതു പോലെ പൂരം കലക്കിയതാണെന്ന് അവസാനം മുഖ്യമന്ത്രി സമ്മതിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എ.ഡി.ജി.പിയുടെ അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷം പറഞ്ഞതും മുഖ്യമന്ത്രി സമ്മതിച്ചു. പാലക്കാട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നടക്കുന്ന അന്വേഷണവും പ്രഹസനമാണ്. അതുകൊണ്ട് പ്രതിപക്ഷം ആവശ്യപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം നടത്തിയേ മതിയാകൂ.

എ.ഡി.ജി.പിയെ കൊണ്ടാണ് മുഖ്യമന്ത്രി പൂരം കലക്കിപ്പിച്ചത്. അതുകൊണ്ടു തന്നെ കീഴ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള അന്വേഷണം സ്വീകാര്യമല്ല. മുഖ്യമന്ത്രി കൂടി അറിഞ്ഞു കൊണ്ട് പൂരം കലക്കിയതു കൊണ്ടാണ് അദ്ദേഹം രാത്രിയൊന്നും ഇടപെടാതിരുന്നത്. അവസാനഘട്ടത്തിലാണ് പൂരം കലങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. രാവിലെ മഠത്തില്‍ വരവ് മുതല്‍ പൂരം കലങ്ങി. രാത്രി ഒമ്പതിന് ലാത്തിച്ചാര്‍ജ്ജ് നടത്തി. പൂരം കലക്കുന്നത് മുഖ്യമന്ത്രി അറിഞ്ഞിരുന്നു. ജഡീഷ്യല്‍ അന്വേഷണം നടത്തിയേ മതിയാകൂവെന്നും സതീശൻ പറഞ്ഞു. എത്ര അന്വേഷണങ്ങളാണ് എ.ഡി.ജി.പി അജിത് കുമാറിനെതിരെ നടക്കുന്നത്.

ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിലും പൂരം കലക്കിയതും അന്‍വറിന്റെ ആരോപണങ്ങളിലും ഉള്‍പ്പെടെ അഞ്ചോ ആറോ അന്വേഷണം നേരിടുന്ന ആളാണ് എ.ഡി.ജി.പി. എന്നിട്ടും മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്. ഇപ്പോഴും ചേര്‍ത്ത് നിര്‍ത്തുകയാണ്. ഡല്‍ഹിയിലെ പി.ആര്‍. ഏജന്‍സിയുടെ ഇന്റര്‍വ്യൂവിനെ കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് തമാശയാണ്. പി.ആര്‍ ഏജന്‍സിയില്ലെന്നും ടി.കെ. ദേവകുമാറിന്റെ മകനാണ് ഇന്റര്‍വ്യൂ ആവശ്യപ്പെട്ടതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ അല്ലല്ലോ ഹിന്ദു ദിനപത്രം പറഞ്ഞത്. കെയ്‌സണ്‍ എന്ന ഏജന്‍സിയാണ് മുഖ്യമന്ത്രിയുടെ ഇന്റര്‍വ്യൂ ഓഫര്‍ ചെയ്‌തെന്നാണ് ഹിന്ദു പത്രം പറഞ്ഞത്.

പി.ആര്‍ ഏജന്‍സിയുടെ രണ്ടു പേര്‍ മുഖ്യമന്ത്രി ഇന്റര്‍വ്യൂ നല്‍കുമ്പോള്‍ അടുത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണം വാദത്തിനു സമ്മതിച്ചാല്‍ തന്നെ, ടി.കെ ദേവകുമാറിന്റെ മകന്‍ പറഞ്ഞിട്ടാണോ മുഖ്യമന്ത്രി ഇന്റര്‍വ്യൂ നല്‍കുന്നത്? അങ്ങനെയാണെങ്കില്‍ പി.ആര്‍.ഡിയും മാധ്യമ വിഭാഗവും മീഡിയാ സെക്രട്ടറിയെയും പിരിച്ചു വിടണം. കെയ്‌സണുമായും റിലയന്‍സുമായും ബന്ധമുള്ള ആള്‍ വഴിയാണോ കേരളത്തിന്റെ മുഖ്യമന്ത്രി ദേശീയ മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കുന്നത്?. ഞാന്‍ ഹിന്ദുവിന് ഇന്റര്‍വ്യൂ നല്‍കുന്ന സമയത്ത് പരിചയമില്ലാത്ത ആരോ കയറി വന്നു എന്നതാണ് അടുത്ത തമാശ. വന്നത് കെയ്‌സണിന്റെ ഏറ്റവും പ്രധാനപ്പെട്ട ആള്‍ വിനീത് ഹണ്ടെ. മുഖ്യമന്ത്രി ഇന്റര്‍വ്യൂ നല്‍കുമ്പോള്‍ ഒരു പരിചയവുമില്ലാത്ത ആര്‍ക്കെങ്കില്‍ അവിടേക്ക് പോകാനാകുമോ?

പൊലീസിന് പോലും പരിചയമില്ലാത്ത ഒരാള്‍ ഇന്റര്‍വ്യൂ നടക്കുമ്പോള്‍ കയറി വന്നു എന്നു പറഞ്ഞാല്‍ ഇത് ആര് വിശ്വസിക്കും മിസ്റ്റര്‍ പിണറായി വിജയന്‍?. നിങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍ ഇന്നലെ ഞാന്‍ ചോദിച്ച ചോദ്യം ആവര്‍ത്തിക്കുന്നു; നിങ്ങള്‍ അങ്ങനെ ഒരു ഇന്റര്‍വ്യൂ കൊടുത്തിട്ടില്ലെങ്കില്‍, നിങ്ങള്‍ക്ക് അങ്ങനെ ഒരു ഏജന്‍സി ഇല്ലെങ്കില്‍, നിങ്ങള്‍ പറയാത്ത കാര്യം എഴുതിക്കൊടുത്ത കെയ്‌സണിനും പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഹിന്ദു ദിനപത്രത്തിനും എതിരെ കേസെടുക്കാന്‍ ധൈര്യമുണ്ടോ? മുഖ്യമന്ത്രി പറയാത്ത കാര്യം, മുഖ്യമന്ത്രിയുമായി ബന്ധമില്ലാത്ത ഏതോ ഏജന്‍സി എഴുതി കൊടുത്തിരിക്കുന്നു എന്നത് ഗുരുതരമായ കാര്യമാണ്.

ഈ ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി വീണിടത്തു കിടന്ന് ഉരുളുകയാണ്. ഗീബല്‍സിനെ പോലെ മുഖ്യമന്ത്രി നുണ പറയുകയാണ്. ആയിരം വട്ടം പറഞ്ഞാല്‍ സത്യമായി മാറും എന്ന ധാരണയിലാണ് മുഖ്യമന്ത്രി നുണ പറയുന്നത്. ആരെയാണ് മുഖ്യമന്ത്രി പരിഹസിക്കുന്നത്? ഒരുകാലത്തും ചെയ്യാത്ത തരത്തിലാണ് പ്രതിപക്ഷം നല്‍കിയ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമില്ലാത്തതാക്കി മാറ്റിയത്. നിയമസഭയില്‍ ഉത്തരം പറയാതെ ഒളിച്ചോടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നിയമസഭയില്‍ അതിശക്തമായി ഈ വിഷയങ്ങളൊക്കെ ഉന്നയിക്കും.

മുഖത്തു നോക്കി ചോദിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. പത്രസമ്മേളനത്തിന് ഇടയില്‍ നാലഞ്ച് വട്ടമാണ് ഹ..ഹ...ഹ എന്നു മുഖ്യമന്ത്രി പറഞ്ഞത്. ഹ..ഹ...ഹ എന്നല്ല ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് വേണ്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു. എ.ഡി.ജി.പിയുടെ പ്രധാന ജോലി സംഘ്പരിവാറുമായുള്ള കോ- ഓര്‍ഡിനേഷനാണോ? അതുകൊണ്ടാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. പൂരത്തെ കുറിച്ച് വിവരാവകാശ നിയമം പ്രകാരം മറുപടി നല്‍കിയതിന് ഒരു ഡിവൈ.എസ്.പിയെ അന്നു രാത്രി സസ്‌പെന്‍ഡ് ചെയ്ത മുഖ്യമന്ത്രിയാണ് അര ഡസൻ അന്വേഷണം നേരിടുന്ന എ.ഡി.ജി.പിയെ സംരക്ഷിക്കുന്നത്. 

Tags:    
News Summary - Satheesan said that the Chief Minister finally admitted that Pooram was messed up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.